20 കാരിയായ ട്യൂഷന്‍ ടീച്ചറുടെ മര്‍ദ്ദനമേറ്റ ഒമ്പത് വയസ്സുകാരി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. സ്വകാര്യ ട്യൂഷന്‍ അധ്യാപിക രത്ന സിങ് എന്ന യുവതിയാണ് ദീപിക എന്ന പെണ്‍കുട്ടിയെ കരണത്തടിച്ചത്. തുടര്‍ച്ചയായി അടിച്ചതോടെ കുട്ടിയുടെ കമ്മല്‍ ഒടിഞ്ഞു കവിളില്‍ കുത്തിക്കയറുകയായിരുന്നു.
പരിക്കേറ്റ കുട്ടി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കുട്ടിക്ക് ടെറ്റനസ് ബാധിക്കുകയും മസ്തിഷ്‌ക ക്ഷതം ഉണ്ടാവുകയുമായിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം. ഇരയായ ദീപികയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെ ഒരാഴ്ചക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായ മസ്തിഷ്‌ക ക്ഷതവും ശ്വാസനാളത്തിന് പരിക്കും ടെറ്റനസ് അണുബാധയും മൂലം മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് കുട്ടി. വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.മാതാപിതാക്കളുടെ പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തു. ഇതോടെ ഇവര്‍ ഒളിവിലാണ്.