ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഉഗ്രസ്ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. അതേസമയം തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീന്‍ സെവാട്ട് സ്ഥിരീകരിച്ചു. സംഭവത്തില്‍ വൈറ്റ് ഹൗസ് മറ്റ് പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.
ലെബനനിലെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേല്‍ നടപടികളുടെ പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇറാന്റെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ശത്രുക്കളായ ഇരു രാജ്യങ്ങളും കാലങ്ങളായി തന്നെ അകല്‍ച്ചയില്‍ തുടരുകയാണ്. ഇറാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ ഇറാന്റെ വ്യോമപാതകള്‍ അടഞ്ഞുതന്നെ കിടക്കും. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.