കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ മരണത്തിന് സംഭാവന നല്‍കിയത് എന്‍എച്ച്എസ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള അവഗണനകളെന്ന കൊറോണറുടെ വിധിയെ തുടര്‍ന്ന് ആശുപത്രിക്ക് എതിരെ ക്രിമിനല്‍ പ്രോസിക്യൂഷനുമായി മുന്നോട്ട് പോകാന്‍ ഹെല്‍ത്ത്‌കെയര്‍ വാച്ച്‌ഡോഗ്. നോര്‍ത്താംപ്ടണ്‍ഷയര്‍ കെറ്റെറിംഗ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് 2022 നവംബറിലാണ് 13-കാരി ഷോള്‍ ലോംഗ്‌സ്റ്റര്‍ സെപ്‌സിസും, ന്യൂമോണിയയും ബാധിച്ച് മരിച്ചത്.
വാരിയെല്ലിന് കഠിനമായ വേദന നേരിട്ടാണ് ഷോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഷോളിന്റെ ചികിത്സയില്‍ ഗുരുതര പിഴവുകള്‍ നേരിട്ടതായാണ് ഒരാഴ്ച നീണ്ട ഇന്‍ക്വസ്റ്റില്‍ നോര്‍ത്താംപ്ടണ്‍ കൊറോണര്‍ കോടതി കണ്ടെത്തിയത്. സെപ്‌സിസ് സ്‌ക്രീനിംഗ്, ചികിത്സ എന്നിവയിലെ കാലതാമസങ്ങള്‍ ഉള്‍പ്പെടെ വീഴ്ചകള്‍ നേരിട്ടതായാണ് ഇന്‍ക്വസ്റ്റില്‍ വിശദീകരിച്ചത്.
ക്രിമിനല്‍ കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടോയെന്നാണ് വിഷയത്തില്‍ പരിശോധിക്കുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ വക്താവ് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും, സാധ്യമായ സമയത്ത് കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും റെഗുലേറ്റര്‍ വ്യക്തമാക്കി.
കെറ്റെറിംഗ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷോള്‍ 19 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മരണത്തിന് കീഴടങ്ങി. ന്യൂമോണിയ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു മരണം. മകള്‍ക്ക് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോള്‍ ശാന്തമായിരിക്കാനും, താനാണ് വേദന കൂട്ടുന്നതെന്നും ഒരു നഴ്‌സ് തന്നോട് പറഞ്ഞെന്നാണ് കുട്ടിയുടെ അമ്മ ലൂസി ലോംഗ്‌സ്റ്ററുടെ അവകാശവാദം.