ടോറി നേതൃസ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ തന്റെ ഉന്നത സംഘത്തെ നിയോഗിച്ച് കെമി ബാഡെനോക്ക്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ ടോറി നേതാവിന്റെ ആത്മവിശ്വാസം. ഇതിന്റെ ഭാഗമായി ഷാഡോ ക്യാബിനറ്റിനെ തെരഞ്ഞെടുത്ത ബാഡെനോക്ക് ഷാഡോ ഫോറിന്‍ സെക്രട്ടറിയായി പ്രീതി പട്ടേലിന് തിരിച്ചുവരവിനുള്ള വഴിയൊരുക്കി.
മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് ബാക്ക്‌ബെഞ്ചിലേക്ക് പിന്‍മാറുന്നതായി വ്യക്തമാക്കിയതോടെ മെല്‍ സ്‌ട്രൈഡ് ഷാഡോ ചാന്‍സലറായി. നേതൃപോരാട്ടത്തിലെ മുഖ്യ എതിരാളി റോബര്‍ട്ട് ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി പദത്തിലും ബാഡെനോക്ക് അവരോധിച്ചു.
തന്റെ ഉറച്ച അനുയായി ലോറാ ട്രോട്ടിനെ എഡ്യൂക്കേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബാഡെനോക്ക് ഏല്‍പ്പിച്ചത്. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിനെ ഹൗസ് ഓഫ് കോമണ്‍സില്‍ പൊരിക്കാന്‍ അവസരം ലഭിച്ച് കൊണ്ടാകും ട്രോട്ടിന്റെ വരവ്.
പരിചയസമ്പന്നരായ പ്രീതി പട്ടേലിനെയും, മെല്‍ സ്‌ട്രൈഡിനെയും എത്തിച്ച് കൊണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിവിധ ശക്തികേന്ദ്രങ്ങളെ ഒരുമിപ്പിക്കാനും ബാഡെനോക്ക് നിശ്ചയിച്ച മട്ടാണ്. കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ 121 എംപിമാരിലേക്ക് ചുരുങ്ങിയ ടോറികളെ ലേബറിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന് എതിരായി അണിനിരത്താനുള്ള ദൗത്യമാണ് കെമി ബാഡെനോക്കിന്റെ ചുമലിലുള്ളത്.
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സില്‍ സീറ്റുകള്‍ തിരിച്ചുപിടിക്കുകയാണ് ആദ്യ വെല്ലുവിളിയെന്ന് ബാഡെനോക്ക് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിന് അപ്പുറത്തേക്ക് ലേബര്‍ ദുരിതം നീളാതെ നോക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് പുതിയ ടോറി നേതാവ് പ്രഖ്യാപിച്ചത് വരും ദിവസങ്ങളിലെ പോരിന്റെ സൂചന നല്‍കുന്നു.