ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് കുറച്ചതിന് പിന്നാലെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ മത്സരിച്ച് മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍. ഇന്നലെയാണ് ബാങ്ക് പലിശ നിരക്ക് 4.75 ശതമാനത്തിലേക്ക് താഴ്ത്തുന്നത്. ഇത് ആയിരക്കണക്കിന് വരുന്ന മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഗുണമായി.
ഹാലിഫാക്‌സ്, ലോയ്ഡ്‌സ് ബാങ്ക്, മെട്രോ ബാങ്ക് എന്നിങ്ങനെ ലെന്‍ഡര്‍മാര്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം അടിസ്ഥാനമാക്കി മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ കുറവ് വരുത്തി. ഇവരുടെ പല ഉപഭോക്താക്കള്‍ക്കും തിരിച്ചടവ് നിരക്കുകളില്‍ ഇതിന്റെ കുറവ് അനുഭവപ്പെടും.
വരും ദിവസങ്ങളില്‍ ബാര്‍ക്ലേസ്, കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി, ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി, നേഷന്‍വൈഡ്, നാറ്റ്‌വെസ്റ്റ്, സ്‌കിപ്ടണ്‍, വിര്‍ജിന്‍ മണി തുടങ്ങിയ ലെന്‍ഡര്‍മാരും ഈ പാത പിന്തുടരുമെന്നാണ് സൂചന. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ നിരക്ക് കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായി മാറും.
നാല് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ബാങ്ക് ബേസ് റേറ്റ് കുറയ്ക്കുന്നത്. ഇത് മുന്‍നിര്‍ത്തി നിരവധി ലെന്‍ഡര്‍മാര്‍ തങ്ങളുടെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ പലിശ കുറച്ചിരുന്നു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് ബേസ് റേറ്റ് 0.25 ശതമാനം പോയിന്റ് താഴ്ത്തി പലിശകള്‍ 4.75 ശതമാനമാക്കി ചുരുക്കിയത്.
മോര്‍ട്ട്‌ഗേജ് ഉള്‍പ്പെടെ കടമെടുപ്പ് ചെലവുകള്‍ക്കും, സേവിംഗ്‌സിനും പലിശ നിശ്ചയിക്കാന്‍ ലെന്‍ഡര്‍മാര്‍ ബേസ് റേറ്റാണ് ഉപയോഗിക്കുന്നത്. ഈ കുറവ് നന്നതോടെ ലക്ഷക്കണക്കിന് മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കളുടെ ബില്ലുകളും താഴും. പണപ്പെരുപ്പം സെപ്റ്റംബറില്‍ 1.7 ശതമാനത്തില്‍ എത്തിയതായി ഒഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.