കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി തനിക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്നും നിഷേധിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍. ഒരു സീനിയര്‍ ഡോക്ടറുടെ അടുക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചത് മൂലം ഉടലെടുത്ത പകയാണ് ഇവരെ വേട്ടയാടുന്നതിലേക്ക് നയിച്ചതെന്നാണ് പബ്ലിക് എന്‍ക്വയറിയില്‍ നടത്തിയ വെളിപ്പെടുത്തല്‍.
പേര് വെളിപ്പെടുത്താത്ത പീഡിയാട്രീഷ്യനുമായുള്ള ബന്ധം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 2016 ജൂലൈയില്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നിന്നും നഴ്‌സിനെ മാറ്റിയതോടെയാണ് അഭ്യൂഹങ്ങള്‍ വ്യാപകമായത്.
തുടര്‍ച്ചയായ ഷിഫ്റ്റുകളില്‍ രണ്ട് ട്രിപ്ലെറ്റ് സഹോദരങ്ങളുടെ മരണം നടന്നതോടെയാണ് 34-കാരിയായ ലെറ്റ്ബിയെ അഡ്മിനിസ്‌ട്രേറ്റീവ് റോളിലേക്ക് മാറ്റിയത്. എന്നാല്‍ ലെറ്റ്ബി ഡ്യൂട്ടിയില്‍ ഉള്ളപ്പോഴാണ് മറ്റ് കുഞ്ഞുങ്ങളും അബോധാവസ്ഥയിലാകുകയോ, അപ്രതീക്ഷിതമായി മരണപ്പെടുകയോ ചെയ്തതെന്നാണ് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചത്. ഇതോടെയാണ് ഏഴ് സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍ നഴ്‌സിനെ നീക്കണമെന്ന് ആശുപത്രി മേധാവികളോട് ഒരുമിച്ച് ആവശ്യപ്പെട്ടത്.
ലെറ്റ്ബി കുഞ്ഞുങ്ങളെ മനഃപ്പൂര്‍വ്വം അപകടത്തിലാക്കുന്നുവെന്നായിരുന്നു ആശങ്ക. എന്നാല്‍ ഇതില്‍ രോഷാകുലയായ ലെറ്റ്ബി ഔദ്യോഗികമായി എംപ്ലോയ്‌മെന്റ് പരാതി നല്‍കുകയാണ് ചെയ്തത്. തന്നെ യൂണിറ്റിലെ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. സ്റ്റീഫന്‍ ബ്രയറി ഉപദ്രവിക്കുന്നെന്നാണ് ഇവര്‍ ആരോപിച്ചത്. എന്നാല്‍ ലെറ്റ്ബിയുടെ പരാതിക്ക് തെളിവില്ലാതെ വന്നതോടെ ഇത് തള്ളി.
അതേസമയം ലെറ്റ്ബിക്ക് എതിരെ നടന്നത് വേട്ടയാണെന്നാണ് അടുത്തുള്ള ആശുപത്രിയിലെ സീനിയര്‍ നഴ്‌സ് അനെറ്റ് വെതെര്‍ലി അന്വേഷണ കമ്മീഷന്‍ മുന്‍പാകെ വെളിപ്പെടുത്തിയത്. കണ്‍സള്‍ട്ടന്റുമാര്‍ തന്നെ ഇത് സ്വയം അന്വേഷിച്ച് ലെറ്റ്ബിയാണ് കൊലയാളിയെന്ന് അവകാശപ്പെടുകയായിരുന്നു, ഈ നഴ്‌സ് പറയുന്നു.