യുകെയിലെ സ്വദേശി സമൂഹത്തെ കടത്തിവെട്ടി വിദേശികളായ സ്ത്രീകളുടെ പ്രസവനിരക്ക് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളും യുകെയ്ക്ക് പുറത്തുള്ള സ്ത്രീകള്‍ക്കാണ് ജനിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒഎന്‍എസ് കണക്കുകള്‍ പ്രകാരം 2023-ലെ 31.8 ശതമാനം ജനനങ്ങളും യുകെ ഇതര അമ്മമാരില്‍ നിന്നുള്ള സംഭാവനയാണ്. 2022-ലെ 30.3 ശതമാനത്തില്‍ നിന്നും ചെറിയ വര്‍ദ്ധനവാണിത്. ഒരു ദശകം മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2010-ല്‍ 25.1 ശതമാനം കടന്നതിന് ശേഷം ഓരോ വര്‍ഷവും ഇത് ഉയരുകയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന മൂന്നിലൊന്ന് പ്രസവങ്ങളില്‍ ഒരു രക്ഷിതാവോ, രണ്ട് പേരുമോ യുകെയ്ക്ക് പുറത്ത് നിന്നെത്തയവരാണ്. 2022-ല്‍ ഇത് 35.8 ശതമാനമായിരുന്നു. ഇന്ത്യ തന്നെയാണ് യുകെ ഇര അമ്മമാരുടെ കണക്കില്‍ മുന്നില്‍. രാജ്യത്തെ 3.6 ശതമാനം പ്രസവങ്ങള്‍ ഇന്ത്യന്‍ അമ്മമാരുടെ വകയാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും പിറന്ന 3.9 ശതമാനം കുഞ്ഞുങ്ങളുടെയും പിതാക്കന്‍മാര്‍ ഇന്ത്യക്കാരാണ്.
പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം യുകെ ഇതര അമ്മമാരുടെ കണക്കില്‍ 2023-ല്‍ ആദ്യമായി ഘാന ആദ്യ പത്തില്‍ ഇടംപിടിച്ചു. 0.6 ശതമാനം ജനനങ്ങളുമായി ഒന്‍പതാം സ്ഥാനത്താണ് ഘാന വംശജര്‍. ഇതിനിടെ ജര്‍മ്മനി ആദ്യ പത്തില്‍ നിന്നും പുറത്തായി. അല്‍ബേനിയ ഒരു പടി കടന്ന് ഏഴിലെത്തി. അഫ്ഗാനിസ്ഥാന്‍ എട്ടാം സ്ഥാനത്താണ്.