ഭാരം കുറയ്ക്കാന്‍ എന്താണ് ഏറ്റവും എളുപ്പവഴി. മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വ്യായാമം ഉറപ്പാക്കുക, അത്ര തന്നെ. എന്നാല്‍ ഇതിന് മടി കാണിക്കുന്നവരാണ് ബ്രിട്ടീഷുകാരില്‍ ഒട്ടുമിക്ക പേരും. അതിനാല്‍ ഇവര്‍ നേരിടുന്ന അമിതവണ്ണം മൂലം എന്‍എച്ച്എസിന് മില്ല്യണ്‍ കണക്കിന് പൗണ്ട് അനാവശ്യ ചെലവ് ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കുറുക്കുവഴിയായി ഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകള്‍ ലഭ്യമാക്കിയത്. എന്നാല്‍ ഈ ഇഞ്ചക്ഷന്‍ എടുത്ത ഒരു നഴ്‌സിന് മരണം സംഭവിച്ചതോടെ ഭാരം കുറയ്ക്കാന്‍ മോഹിക്കുന്നവര്‍ ആശങ്കയിലായി.
എന്‍എച്ച്എസില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള ഭാരം കുറയ്ക്കാനുള്ള മരുന്ന് ഉപയോഗിച്ചത് മൂലമാണ് നഴ്‌സിന് മരണം സംഭവിച്ചതെന്നാണ് കണ്ടെത്തല്‍. ലങ്കാഷയറില്‍ നിന്നുള്ള 58-കാരി സൂസന്‍ മക്‌ഗോവനാണ് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകുകയും, സെപ്റ്റിക് ഷോക്കും, പാന്‍ക്രിയാറ്റൈറ്റിസും ബാധിച്ച് മരണപ്പെട്ടത്. മൗജാരോ എന്നറിയപ്പെടുന്ന ടിര്‍സെപാറ്റൈഡിന്റെ രണ്ട് ഡോസ് ഇഞ്ചക്ഷനാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്.
രണ്ടാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് സ്വീകരിച്ച മക്‌ഗോവന്‍ സെപ്റ്റംബര്‍ 4ന് മരണപ്പെട്ടു. യുകെയില്‍ ഈ മരുന്നുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യ മരണമാണെന്നണ് കരുതുന്നത്. സ്‌കോട്ട്‌ലണ്ട് എയര്‍ഡ്രൈയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ മോങ്ക്‌ലാന്‍ഡ്‌സില്‍ മൂന്ന് ദശകത്തോളം നഴ്‌സായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഇവര്‍. ഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നതായി ഇവര്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിനായി ഇഞ്ചക്ഷന്‍ എടുത്ത് ദിവസങ്ങള്‍ തികയുന്നതിന് മുന്‍പ് മക്‌ഗോവന് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ എ&ഇയില്‍ എത്തി. സഹജീവനക്കാര്‍ ഇവരെ രക്ഷിക്കാന്‍ കഠിനപ്രയത്‌നം നടത്തിയെങ്കിലും വിജയിച്ചില്ല. പത്ത് മരണങ്ങളെങ്കിലും ഭാരം കുറയ്ക്കല്‍ ഇഞ്ചനുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുണ്ടെന്നാണ് മെഡിസിന്‍ വാച്ച്‌ഡോഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.