അമിത വേഗത്തിലെത്തിയ കാര്‍, ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 19നും 24നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് മരിച്ചത്. കാറോടിച്ചിരുന്ന 25കാരനായ യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡെറാണൂറിലെ ഒഎന്‍ജിസി ചൗക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് ആയിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പരിശോധിക്കുമ്പോള്‍ കാര്‍ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു എന്നാണ് സൂചന. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മേല്‍ക്കൂര വേര്‍പ്പെട്ടു. രണ്ട് യാത്രക്കാരുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടു. വാഹനം അപ്പാടെ തകര്‍ന്നിട്ടുണ്ട്.
രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന യുവാക്കളും യുവതികളുമാണ് കാറിലുണ്ടായിരുന്നത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എന്നാല്‍ ഇയാളുടെ ഭാഗത്ത് പിഴവില്ലെന്നാണ് നിഗമനം. കാറിന് നമ്പര്‍ പ്ലേറ്റുകളും ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ഒരു ആഡംബര കാര്‍ ഇവരുടെ വാഹനത്തെ അതിവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തു. ഇത് കണ്ട് ആ കാറിനെ പിന്നിലാക്കാന്‍ ഇവര്‍ വീണ്ടും വേഗത വര്‍ദ്ധിപ്പിച്ചു.
ഇതിനിടെ ഒരു ജംഗ്ഷനില്‍ വെച്ച് ട്രക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു. സാധാരണ വേഗതയില്‍ തന്നെയാണ് ട്രക്ക് ഓടിയിരുന്നതെങ്കിലും ട്രക്ക് റോഡിലേക്ക് എത്തുന്നതിന് മുമ്പ് അപ്പുറം കടക്കാനായിരുന്നു കാറോടിച്ചിരുന്നയാളുടെ ശ്രമം. ഇത് പരാജയപ്പെട്ട് കാര്‍ ട്രക്കിന്റെ ഇടതുവശത്തേക്ക് ഇടിച്ചുകയറി. മരണപ്പെട്ട എല്ലാവരും ഡെറാഡൂണിലെ വ്യാപാര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ ഒരു സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമാണ്