നികുതി വര്‍ദ്ധനവുകള്‍ കടിഞ്ഞാണ്‍ അഴിച്ചുവിട്ട ബജറ്റിന് ശേഷം ബിസിനസ്സ് നേതൃത്വങ്ങളുടെ രോഷം നേരിട്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇതിലും മികച്ച ആശയങ്ങള്‍ ലഭിക്കാത്തതിനാല്‍, മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയാണ് നികുതി വര്‍ദ്ധനവ് തെരഞ്ഞെടുത്തതെന്നാണ് റീവ്‌സ് സിബിഐ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
തന്റെ ഞെട്ടിക്കുന്ന നികുതി പാക്കേജ് സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച് ബിസിനസ്സുകള്‍ നേരിടുന്ന ആശങ്ക അംഗീകരിക്കുന്നതായി ചാന്‍സലര്‍ പറഞ്ഞു. 'എന്നാല്‍ ഇതില്‍ കൂടുതല്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കേട്ടില്ല', അവര്‍ അവകാശപ്പെട്ടു.
അതേസമയം ഈ പാര്‍ലമെന്റിന്റെ ഒടുവിലത്തെ പ്രധാന നികുതി വര്‍ദ്ധനവായിരിക്കും ഇതെന്ന് റീവ്‌സ് ആവര്‍ത്തിച്ചു. എന്നിരുന്നാലും ലേബര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ പണം വേണ്ടിവരുമെന്നാണ് ആശങ്ക. 25 ബില്ല്യണ്‍ പൗണ്ടിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന സംബന്ധിച്ച് ആശങ്കയാണ് ബിസിനസ്സ് ഗ്രൂപ്പ് കോണ്‍ഫറന്‍സില്‍ പ്രധാനമായും ഉയര്‍ന്നത്.
ഈ നടപടികളുടെ വെളിച്ചത്തില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നതായി പകുതി അംഗങ്ങള്‍ സര്‍വ്വെയില്‍ വെളിപ്പെടുത്തി. മൂന്നില്‍ രണ്ട് പേരും റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെയ്ക്കാനും നീക്കം നടത്തുന്നു. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നതെന്ന് സിബിഐ മേധാവി റെയിന്‍ ന്യൂട്ടണ്‍ സ്മിത്ത് പറഞ്ഞു. മറ്റ് മേഖലകള്‍ നിക്ഷേപിക്കുന്നതിന് പകരം രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.