CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 2 Minutes 29 Seconds Ago
Breaking Now

ടര്‍ക്കിഷ് തര്‍ക്കം മതവികാരം വ്രണപ്പെടുത്തിയോ? ആരോപണം നിഷേധിച്ച് പടത്തിലെ പ്രധാന നടന്മാരായ ലുഖ്മാനും സണ്ണി വെയ്നും

സണ്ണി വെയ്ന്‍, ലുഖ്മാന്‍ അവറാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും ഈയിടെ പിന്‍വലിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ പ്രധാന നടന്മാരായ ലുഖ്മാന്‍ അവറാനും സണ്ണി വെയ്നും. നിര്‍മാതാവ് സ്വന്തം ഇഷ്ടപ്രകാരമാണ് ചിത്രം പിന്‍വലിച്ചത് എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ലുഖ്മാന്‍ സൂചിപ്പിക്കുന്നത്. സിനിമ പിന്‍വലിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് താന്‍ അറിഞ്ഞത് എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്.

ലുഖ്മാന്‍ അവറാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു:

''ഞാന്‍ അഭിനേതാവായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ഭാഗ്യകരമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. രണ്ടര വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.

അതിലെ അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്ത പെട്ടവരില്‍ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവുമില്ല. അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.''

സണ്ണി വെയ്ന്‍ കുറിച്ചത് ഇങ്ങനെ:

''ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാന്‍ അറിയിക്കുന്നു. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാന്‍ നിര്‍മ്മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായം. ഇതിന്റെ മേലുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.