സാധാരണയില്‍ കവിഞ്ഞ് കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കി ലേബര്‍ ഗവണ്‍മെന്റ്. ഇതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൗണ്‍ ഹാളുകള്‍ ജനങ്ങളില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുക്കാന്‍ ശ്രമം തുടങ്ങും. 5 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ ലോക്കല്‍ അധികൃതര്‍ ഹിതപരിശോധന നടത്തണമെന്നാണ് നിബന്ധന. ഇത് തന്നെ വര്‍ഷത്തില്‍ 110 പൗണ്ട് വര്‍ദ്ധനയ്ക്ക് ഇടയാക്കും.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് പുതുതായി പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ മൂലം ഈ ഹിതപരിശോധന ഒഴിവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൗണ്‍സിലുകള്‍ക്ക് വോട്ടര്‍മാരുടെ അനുമതി ചോദിക്കാതെ തന്നെ ഉയര്‍ന്ന വാര്‍ഷിക വര്‍ദ്ധന നടപ്പാക്കാനുള്ള സ്വാതന്ത്ര്യമാണ് അനുവദിച്ച് നല്‍കുന്നത്. ലേബര്‍ ശക്തികേന്ദ്രങ്ങളിലാണ് പ്രധാനമായും ഈ വര്‍ദ്ധന നേരിടുകയെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കി.
അടിയന്തര സാമ്പത്തിക പിന്തുണ ആവശ്യമുള്ള കൗണ്‍സിലുകള്‍ക്ക് ഹിതപരിശോധന നയങ്ങള്‍ ഒഴിവാക്കി നല്‍കുന്നത് തുടരുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രി ജിം മക്‌മോഹന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാപ്പരായി പ്രഖ്യാപിച്ച നാല് കൗണ്‍സിലുകള്‍ക്കാണ് 5 ശതമാനത്തില്‍ കൂടുതല്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ബര്‍മിംഗ്ഹാമും, വോക്കിംഗും 10 ശതമാനവും, സ്ലോ 8.5 ശതമാനവും, തുറോക്ക് 8 ശതമാനവും നിരക്ക് ഉയര്‍ത്തിയിരുന്നു.
ഹിതപരിശോധന ഒഴിവാക്കി നല്‍കുന്ന നടപടി ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് മേധാവി എലിയറ്റ് കെക്ക് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ കൗണ്‍സില്‍ ടാക്‌സ് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട ലേബര്‍ പാര്‍ട്ടി ഭരണപക്ഷത്ത് എത്തിയപ്പോള്‍ ഈ വാഗ്ദാനമാണ് മറന്നതെന്ന് ടോറികള്‍ ചൂണ്ടിക്കാണിക്കുന്നു.