ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് ഒട്ടും സുഖമുള്ള കാലമല്ല. മറ്റ് ജോലികള്‍ ചെയ്യുന്നവരെല്ലാം തണുപ്പില്‍ നിന്നും രക്ഷനേടാന്‍ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ എടുക്കുമ്പോള്‍ ആരോഗ്യ സേവനം ചെയ്യുന്നവര്‍ ആശുപത്രികളില്‍ കുടുങ്ങുന്ന കാലം കൂടിയാണിത്. രോഗികളുടെ എണ്ണമേറുന്ന തണുപ്പ് കാലത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധിക ജോലി ഏറ്റെടുക്കേണ്ടി വരും. ഇക്കുറി എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്.
ഫ്‌ളൂ, നോറോവൈറസ് പോലുള്ളവ കുതിച്ചുയരുമെന്നാണ് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫ്‌ളൂ ബാധിതരുടെ എണ്ണം ആശുപത്രിയില്‍ നാലിരട്ടി കൂടുതലാണ്. കൊവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് എന്നിവയും ഇതോടൊപ്പം കറങ്ങുന്നുണ്ട്. എന്‍എച്ച്എസ് ആവശ്യത്തിന് ബെഡ് പോലും ലഭ്യമല്ലെന്ന് നഴ്‌സിംഗ് പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ഇത് ജീവനക്കാരെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുകയാണ്.
കഴിഞ്ഞ ആഴ്ചയില്‍ ഓരോ ദിവസവും ഇംഗ്ലണ്ടിലെ 95,587 ആശുപത്രി ബെഡുകളിലും രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്, അതായത് 95 ശതമാനം ബെഡുകളും ഉപയോഗത്തിലാണ്. വര്‍ഷത്തിലെ ഈ സമയത്ത് ഇതൊരു റെക്കോര്‍ഡാണ്. ഓരോ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 1099 പേര്‍ ഫ്‌ളൂ രോഗികളാണ്, 39 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്.
നോറോവൈറസ് കേസുകളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്വാഡെമിക്കിനെയാണ് എന്‍എച്ച്എസിന് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും 756 രോഗികള്‍ വീതമാണ് നോറോവൈറസ് ബാധിച്ച് ആശുപത്രിയിലെത്തിയത്.