മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവി ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് കൂവക്കാടിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചത്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയച്ചുവെന്നും ചടങ്ങുകള്‍ക്ക് മുമ്പ, ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രി പോസ്റ്റില്‍ കുറിച്ചു. പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇന്ത്യന്‍ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാര്‍ ജോര്‍ജ് കൂവക്കാടിനെ വിളിച്ചത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാര്‍ ജോര്‍ജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്.
ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതല്‍ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കര്‍ദിനാള്‍മാരോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.