എന്‍എച്ച്എസ് ആശുപത്രികള്‍ ഫ്‌ളൂ രോഗികളുടെ കുത്തൊഴുക്കില്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്. ആശുപത്രികള്‍ക്ക് പുറത്ത് രോഗികളുമായി എത്തിയ ആംബുലന്‍സുകള്‍ വരിവരിയായി കാത്തുനില്‍ക്കുന്ന അവസ്ഥ. രോഗികളെ അകത്ത് പ്രവേശിപ്പിക്കാന്‍ ആവശ്യത്തിന് ബെഡുകള്‍ ലഭ്യമല്ലാതെ ജീവനക്കാര്‍ നെട്ടോട്ടം ഓടുന്നു. ഇതിനിടയിലാണ് ആരോഗ്യം വീണ്ടെടുത്ത രോഗികള്‍ ഇപ്പോഴും എന്‍എച്ച്എസ് ബെഡുകള്‍ കൈയടക്കി വെച്ചിരിക്കുന്നതായി വ്യക്തമാകുന്നത്.
ഏഴിലൊന്ന് രോഗികളാണ് ആരോഗ്യം വീണ്ടെടുത്തിട്ടും എന്‍എച്ച്എസ് ആശുപത്രികളില്‍ കഴിയുന്നതെന്ന് എന്‍എച്ച്എസ് തന്നെ വ്യക്തമാക്കുന്നു. ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ രോഗാതുരമായി എത്തുന്ന രോഗികള്‍ ഇടനാഴികളില്‍ കിടന്ന് മരിക്കുന്നതായി നഴ്‌സുമാരില്‍ നിന്നും വിവരം സ്വീകരിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ഫ്‌ളൂ രോഗികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് നേരിട്ടത്. ഇതിന് ശേഷം ഇപ്പോള്‍ ആശുപത്രികളില്‍ ഫ്‌ളൂ ബാധിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ട്. മുന്‍പത്തെ ആഴ്ചയിലെ പ്രതിവാര ശരാശരി 5408 ആയിരുന്നത് കഴിഞ്ഞ ആഴ്ച 4929 ആയി കുറഞ്ഞിട്ടുണ്ട്. കൊവിഡ്, നോറോവൈറസ് രോഗികള്‍ മറ്റൊരു 1800 ബെഡുകള്‍ കൂടി കൈവശം വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച വിന്ററിലെ ഏറ്റവും തിരക്കേറിയ ആഴ്ചയാണ് നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ 96 ശതമാനം ബെഡുകളിലും രോഗികള്‍ ഉണ്ടായിരുന്നു. 14 ശതമാനം ബെഡുകള്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന വിധത്തില്‍ ആരോഗ്യം വീണ്ടെടുത്തവരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് കെയര്‍ സംവിധാനങ്ങള്‍ ലഭ്യമല്ലാതെ വരുന്നതാണ് പ്രശ്‌നമാകുന്നത്.
തണുപ്പ് കാലാവസ്ഥയ്ക്കിടെ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് പ്രതിസന്ധിയായി തുടരുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് എമര്‍ജന്‍സി കെയര്‍ ചീഫ് പ്രൊഫ. ജൂലിയന്‍ റെഡ്‌ഹെഡ് പറഞ്ഞു. കൂടുതല്‍ ബെഡുകള്‍ ലഭിക്കുമ്പോഴും ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നതിന് പിന്നില്‍ ഇതാണ് കാര്യമെന്ന് അദ്ദേഹം പറയുന്നു.