ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെ വിട്ടയച്ചു. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതുമൂലം ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.
വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാര്‍ കുടുംബാംഗങ്ങളെ കണ്ടു. 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ക്കാണ് ഇസ്രയേല്‍- ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ് യുദ്ധത്തിനിടയാക്കിയത്. കര, വ്യോമ, കടല്‍ മാര്‍ഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങള്‍ 1200ഓളം പേരെ കൊന്നൊടുക്കി. 251 പേരെ തട്ടിക്കൊണ്ടുപോയി. 360 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഗാസയില്‍ 23 ലക്ഷം പേരാണ് അധിവസിച്ചിരുന്നത്. ഈ നഗരത്തില്‍ ഇസ്രയേല്‍ വിതച്ച നാശം വളരെ ഭീകരമാണ്. ഒന്നു പ്രതിരോധിക്കാന്‍ പോലുമാകാതെ ഗാസ ജനത അനുഭവിച്ച യാതന വാക്കുകള്‍ക്കതീതമാണ്. പശ്ചിമേഷ്യയെ മുഴുവന്‍ യുദ്ധത്തിന്റെ മുള്‍മുനയില്‍ നിറുത്താനും ഗാസയിലെ ഏറ്റുമുട്ടലിന് കഴിഞ്ഞു.
ഡിസംബറിന്റെ തുടക്കം സമാധാന ശ്രമങ്ങളുടേതായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നിയുക്ത പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. ഇതിനിടയിലെല്ലാം ആക്രമണം തുടര്‍ന്നു കൊണ്ടിരുന്നു. 46000ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികംപേര്‍ക്ക് പരിക്കേറ്റു. പക്ഷേ ചര്‍ച്ചകള്‍ തുടര്‍ന്നു. കൂടുതല്‍ മധ്യസ്ഥന്‍മാരുണ്ടായി.ഒടുവില്‍ ജനുവരി 15ന്, 15 മാസങ്ങള്‍ക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം ലഭിക്കുമായും ഇന്നലെ കരാര്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.