തന്റെ റോള്‍ മോഡലാണ് ബോളിവുഡ് താരം ജയ ബച്ചന്‍ എന്ന് നടി മല്ലിക സുകുമാരന്‍. ഒരു ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിന് വന്ന ശേഷം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ വീട്ടില്‍ അമിതാഭ് ബച്ചനും ജയ ബച്ചനും എത്തിയപ്പോഴാണ് മല്ലിക സുകുമാരന്‍ ഇരുവരെയും കാണുന്നത്. താരങ്ങളോട് സംസാരിച്ചതിനെ കുറിച്ചും ഒന്നിച്ചുള്ള ഓര്‍മ്മകളുമാണ് മല്ലിക പങ്കുവച്ചിരിക്കുന്നത്.
തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയാണ് ജയ ബച്ചന്‍. തന്റെ റോള്‍ മോഡലാണ് ജയ ബാധുരി. അഭിനയം കൊണ്ടും സ്വഭാവ രീതി കൊണ്ടുമെല്ലാം. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ തെറ്റ് കാണിച്ചാല്‍ കുറച്ച് ശബ്ദത്തില്‍ സംസാരിച്ചെന്നിരിക്കും. അത് സ്വഭാവത്തിന്റെ കുറ്റമായി നിങ്ങള്‍ കാണരുത്. എല്ലാ സ്ത്രീകളും അങ്ങനെയാണ്. ക്ഷമ പരീക്ഷിക്കുന്ന സംഭവങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചെന്നിരിക്കും.
അന്ന് വെള്ളരിക്ക കൊണ്ടുള്ള കിച്ചടിയുണ്ടായിരുന്നു അവിടെ. ലോകമെമ്പാടും ആരാധിക്കുന്ന അമിതാഭ് ബച്ചന്‍ ഇതെന്താണെന്ന് ചോദിച്ചു. സുകുമാരന്‍ സാറിനോടാണ് ചോദിച്ചത്. കുക്കുമ്പര്‍ ആണിത്, എന്താണ് വിഭവമെന്ന് എന്റെ ഭാര്യ പറഞ്ഞ് തരുമെന്ന് സുകുവേട്ടന്‍. ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞ് കൊടുത്തു.
അമിതാഭ് ബച്ചനും ജയ മാഡവും എന്നോട് സംസാരിച്ചത് നല്ല സ്മരണകളോടെ ഞാന്‍ ഓര്‍ക്കും. കാരണം ഞാന്‍ വിചാരിച്ചത് ഇവര്‍ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്. അത്രയും വലിയ സ്ഥാനം സിനിമാ രംഗത്തുള്ളവരാണ് അവര്‍. പിന്നീടും താന്‍ ജയ ബാധുരിയെ കണ്ടിട്ടുണ്ട് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറയുന്നത്.