ഉപഭോക്താക്കളെ അപ്രതീക്ഷിത നിരക്ക് വര്‍ദ്ധനവുകളില്‍ നിന്നും സംരക്ഷിക്കാനായി നിയമങ്ങള്‍ നടപ്പാക്കിയിട്ട് ആഴ്ചകള്‍ തികയുന്നതിന് മുന്‍പ് ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് തിരിച്ചടി സമ്മാനിച്ച് കമ്പനികള്‍. ഈ വര്‍ഷം മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 13% വരെയുള്ള നിരക്ക് വര്‍ദ്ധനവുകളാണ് നേരിടേണ്ടി വരുന്നത്. വിര്‍ജിന്‍ മീഡിയ, ഒ2, വോഡാഫോണ്‍ എന്നിവര്‍ അടുത്ത ആഴ്ചയോടെ ഉപഭോക്താക്കളുടെ ബില്ലുകളില്‍ എത്ര വര്‍ദ്ധനവ് വരുമെന്ന് കൃത്യമായി അറിയിക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി നിരക്ക് ഉയര്‍ത്തുന്നതിന് പകരം കോണ്‍ട്രാക്ടിന് ഇടയില്‍ എത്ര തുക ഉയരാന്‍ ഇടയുണ്ടെന്ന് കൃത്യമായി അറിയിക്കണമെന്നാണ് ഓഫ്‌കോമിന്റെ പുതിയ നിബന്ധന. ഈ രീതി പ്രകാരം ജൂലൈ 2 തീയതി കണക്കാക്കി പുതിയ കോണ്‍ട്രാക്ടില്‍ ഒപ്പുവെച്ച വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1.80 പൗണ്ട് വീതമാണ് നിരക്ക് ഉയരുക. ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് 3 പൗണ്ട് വര്‍ദ്ധനവും നേരിടണം. വിര്‍ജിന്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ മുതല്‍ 3.50 പൗണ്ടാണ് ബില്ലുകള്‍ വര്‍ദ്ധിക്കുക. ജനുവരി 9 മുതല്‍ പുതിയ കോണ്‍ട്രാക്ട് എടുത്തവര്‍ക്കാണ് ഇത് നേരിടുക. ഒ2 ഉപഭോക്താക്കള്‍ക്കാകട്ടെ പ്രതിമാസ വര്‍ദ്ധന 1.80 പൗണ്ടായിരിക്കും.