CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 18 Seconds Ago
Breaking Now

കൈപിടിച്ചില്ലെങ്കില്‍, കൈവിടും! പ്രവൃത്തിസമയം കുറയ്ക്കാന്‍ ഒരുങ്ങി യുകെ ഫാര്‍മസികള്‍; പുതിയ, പര്യാപ്തമായ ഫണ്ടിംഗ് അനുവദിക്കാന്‍ എന്‍എച്ച്എസ് തയ്യാറായില്ലെങ്കില്‍ സമയം വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശിച്ച് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍; നടപടി ചരിത്രത്തില്‍ ആദ്യം

2017 മുതല്‍ 1300-ലേറെ ഫാര്‍മസികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്

എന്‍എച്ച്എസില്‍ നിന്നും ലഭിക്കുന്ന ഫണ്ടിംഗ് ഉയര്‍ത്താത്ത പക്ഷം ഇംഗ്ലണ്ടിലെ സ്വതന്ത്ര ഫാര്‍മസികള്‍ പ്രവൃത്തിസമയം വെട്ടിച്ചുരുക്കുമെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍. മറ്റ് വഴികളില്ലാതെയാണ് തങ്ങളുടെ 6000 അംഗങ്ങളോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് എന്‍പിഎ പറയുന്നു. 

പുതിയ ചെലവുകള്‍ നേരിടാന്‍ ആവശ്യമായ പുതിയ, പര്യാപ്തമായ ഫണ്ടിംഗ് നല്‍കാത്ത പക്ഷം ചരിത്രത്തില്‍ ആദ്യമായി ഈ നടപടിയിലേക്ക് പോകുമെന്നാണ് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ശരാശരി ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 90 ശതമാനവും എന്‍എച്ച്എസാണ് ഫണ്ട് ചെയ്യുന്നത്. 

മരുന്നുകളും, വാക്‌സിനുകളും ഉള്‍പ്പെടെ നല്‍കാന്‍ ഈ ഫണ്ട് ആവശ്യമാണ്. എന്നാല്‍ 2024-25, 2025-26 വര്‍ഷത്തേക്കുള്ള ഫണ്ടിംഗ് സംബന്ധിച്ച് ഒരു സ്ഥിരീകരണവും അംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കമ്മ്യൂണിറ്റി ഫാര്‍മസികളെ പ്രതിനിധീകരിക്കുന്ന എന്‍പിഎ പറയുന്നു. എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സ് റേറ്റ്, നാഷണല്‍ ലിവിംഗ് വേജ്, ബിസിനസ്സ് റേറ്റ് എന്നിവ ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കുന്നതോടെ ചെലവുകളും ഉയരും. 

എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് എന്‍പിഎ വ്യക്തമാക്കി. 2017 മുതല്‍ 1300-ലേറെ ഫാര്‍മസികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. എന്‍എച്ച്എസിന് അഞ്ചാഴ്ച നീളമുള്ള നോട്ടീസ് നല്‍കിയെങ്കിലാണ് വ്യക്തിഗത ഫാര്‍മസികള്‍ക്ക് സേവനങ്ങള്‍ ചുരുക്കാന്‍ കഴിയുക. എന്‍പിഎ നിര്‍ദ്ദേശം വന്നതോടെ വൈകുന്നേരങ്ങളിലും, വീക്കെന്‍ഡുകളിലും ഫാര്‍മസികള്‍ പ്രവര്‍ത്തനം കുറയ്ക്കാം. കൂടാതെ സൗജന്യ ഹോം ഡെലിവറികള്‍ നിര്‍ത്തിവെയ്ക്കാനും സാധ്യത തുറന്നു. 




കൂടുതല്‍വാര്‍ത്തകള്‍.