ബ്രിട്ടന്റെ കുതിച്ചുയരുന്ന ഇമിഗ്രേഷന്‍ നിരക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ കെടുത്തുന്നുവെന്ന് ആരോപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. പാശ്ചാത്യ രാജ്യങ്ങള്‍ മടിപിടിച്ച്, ചെലവ് കുറഞ്ഞ ജോലിക്കാരെ ആശ്രയിക്കുന്നതാണ് ഉത്പാദനക്ഷമതയെ ബാധിക്കുന്നതെന്ന് വാന്‍സ് ആരോപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ ടെക് മേധാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇപ്പോള്‍ ഏത് രാജ്യത്ത് നോക്കിയാലും, കാനഡ മുതല്‍ യുകെ വരെയുള്ളവര്‍ ചെലവ് കുറഞ്ഞ ജോലിക്കാരെ ഇറക്കുമതി ചെയ്തവരാണ്. ഇവിടങ്ങളിലെ ഉത്പാദനക്ഷമത മുരടിക്കുകയാണ് ചെയ്തത്', വാന്‍സ് പറഞ്ഞു. ഇത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് കരുതുന്നില്ല. ഇത് തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും യുഎസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
40 വര്‍ഷക്കാലമായി പരാജയപ്പെട്ട സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്ന് യുഎസും ഈ വിധത്തില്‍ ചെലവ് കുറഞ്ഞ ജോലിക്കാരില്‍ പെട്ട് കിടക്കുകയാണെന്നും വാന്‍സ് പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്നും നമ്മുടെ ജോലികളും, വ്യവസായങ്ങളും സംരക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം അനിവാര്യമാണെന്നും അദ്ദേഹം ന്യായീകരിച്ചു.
കാനഡ, മെക്‌സിക്കോ ഇറക്കുമതികളില്‍ 25% നികുതിയാണ് ട്രംപ് അടിച്ചേല്‍പ്പിച്ചത്. യുകെയ്ക്ക് നേരെയും ട്രംപ് നികുതി പ്രയോഗം നടത്തിയിട്ടുണ്ട്. ബ്രിട്ടന്റെ ഇരുമ്പ്, സ്റ്റീല്‍ ഇറക്കുമതിക്കാണ് 25 ശതമാനം ചുങ്കം ചുമത്തിയത്. ഇത് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കുന്ന വിഷയമാണ്. ട്രംപിന്റെ താരിഫ് യുദ്ധം മൂലം സ്റ്റീല്‍ എടുക്കാന്‍ ഓര്‍ഡര്‍ ചെയ്തവര്‍ പലരും ഇത് റദ്ദാക്കിയെന്ന് ടാറ്റാ സ്റ്റീല്‍ മേധാവി വെളിപ്പെടുത്തിയിരുന്നു.
ജനുവരിയില്‍ സ്ഥാനമേറ്റത് മുതല്‍ ബ്രിട്ടനെ വിമര്‍ശിക്കുന്നതില്‍ വാന്‍സ് മടി കാണിച്ചിട്ടില്ല. ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും ഈ രീതിക്ക് മാറ്റം വന്നിട്ടില്ല.