ബ്രിട്ടീഷ് ജയിലുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അനായാസം യുകെ വിസ നേടാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. യുകെ വിസ ലഭിക്കാന്‍ എളുപ്പവഴിയെന്ന തരത്തില്‍ നൈജീരിയന്‍ ടിക്ക്‌ടോക്കര്‍മാരാണ് ഈ വിവരം പരസ്യമാക്കിയത്. ബ്രിട്ടീഷ് ജയിലുകളില്‍ ജീവനക്കാര്‍ക്ക് വന്‍ക്ഷാമം നേരിടുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ വിദേശ പൗരന്‍മാരെ റിക്രൂട്ട് ചെയ്യുകയാണ് പ്രിസണ്‍സ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2340 വാര്‍ഡന്‍മാര്‍ ഈ വിധം ജോലിക്ക് കയറിയെന്നാണ് റിപ്പോര്‍ട്ട്. ഈ തൊഴിലവസരങ്ങളിലേക്ക് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുന്നതാണ് ഗുണം ചെയ്യുന്നത്. എന്നാല്‍ ഇവരില്‍ വിജയകരമായി അപേക്ഷിക്കുന്ന പലര്‍ക്കും ഇംഗ്ലീഷ് ഭാഷ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്ന് യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വിദേശ അപേക്ഷകരെ ജോലിക്കെടുത്തതിന്റെ കണക്കുകള്‍ വ്യക്തമാക്കാന്‍ ജസ്റ്റിസ് മന്ത്രാലയം തയ്യാറായിട്ടില്ലെങ്കിലും പ്രധാനമായും നൈജീരിയക്കാരാണ് ഈ വഴി ഉപയോഗിച്ചതെന്നാണ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൈജീരിയക്കാര്‍ക്കായി യുകെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ടിക്ക്‌ടോക്കര്‍ പ്രിസണ്‍ ഓഫീസര്‍ ജോലി അനായാസം ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫലമറിയും. ആദ്യ ഘട്ടം കടന്നാല്‍ ഇന്റര്‍വ്യൂവിന് വിളിക്കും. ഈ ജോലിക്ക് അനുഭവപരിചയമോ, മാസ്‌റ്റേഴ്‌സ് ബിരുദമോ ആവശ്യമില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. 2023 ഒക്ടോബര്‍ മുതല്‍ വിദേശ ജോലിക്കാര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സ്‌പോണ്‍സണ്‍ ചെയ്യാന്‍ പ്രിസണ്‍ സര്‍വ്വീസിന് അനുമതി ലഭിച്ചിട്ടുണ്ട്. മറ്റ് വിസാ റൂട്ടുകളില്‍ നിന്നും ഇതിലേക്ക് മാറാനും കഴിയും.