ഹീത്രൂ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ്. എന്നാല്‍ ഈ വിമാനത്താവളത്തില്‍ സുപ്രധാനമായ ഒരു ദൗര്‍ബല്യമുണ്ടെന്ന് നാട്ടുകാര്‍ അറിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മന്ത്രിമാരും, എയര്‍പോര്‍ട്ട് അധികൃതരും ഇക്കാര്യങ്ങള്‍ അറിഞ്ഞെങ്കിലും യാതൊരു നടപടിയും എടുക്കാതെ ഫയല്‍ ഒതുക്കിവെച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പത്ത് വര്‍ഷം മുന്‍പ് 2014 നവംബറില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജേക്കബ്‌സ് യൂറോപ്പിലെ തിരക്കേറിയ വിമാനത്താവളം അടച്ചുപൂട്ടാനുള്ള ഏക വഴി വൈദ്യുതി ബന്ധം തകരാറിലാകുന്നതിലൂടെ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഒരു ചെറിയ തോതില്‍ പോലും വൈദ്യുതി നഷ്ടമായാല്‍ അത് ദൂരവ്യാപകമായ പ്രതിസന്ധി സൃഷ്ടിക്കും, സിസ്റ്റങ്ങള്‍ തിരിച്ചെത്താന്‍ സമയം വേണ്ടിവരും, റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. ഇതിന്റെ പ്രത്യാഘാതമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹീത്രൂ നേരിട്ടത്. ആയിരക്കണക്കിന് വിമാനസര്‍വ്വീസുകളും, ലക്ഷക്കണക്കിന് യാത്രക്കാരും പ്രതിസന്ധിയിലായത് അടുത്തുള്ള സബ്‌സ്റ്റേഷനിലെ തീപിടുത്തമാണ്. 24 മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടതോടെ ലോകത്തിന് മുന്നില്‍ ഹീത്രൂ നാണംകെട്ടു.
ഇന്നലെ പ്രതിസന്ധി പരിഹരിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും സാധാരണ നിലയിലാകാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. കറണ്ട് പോയാല്‍ സേവനം നിര്‍ത്തിവെയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ് ഹീത്രൂ വിമാനത്താവളത്തെ നാണക്കേടിലാക്കുന്നത്.