എന്‍എച്ച്എസ് ജീവനക്കാരില്‍ ഏഴില്‍ ഒരാള്‍ക്ക് വീതം രോഗികളുടെയും, അവരുടെ ബന്ധുക്കളുടെയും, പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നും ശാരീരിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി വെളിപ്പെടുത്തി 2024 എന്‍എച്ച്എസ് സ്റ്റാഫ് സര്‍വ്വെ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഗുരുതര വിഷയമായി മാറുന്നുവെന്ന് വെളിപ്പെട്ടതോടെ ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി വേണ്ടിവരുമെന്ന് വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി.
എന്‍എച്ച്എസ് ജീവനക്കാരെ അക്രമിക്കുന്ന രോഗികള്‍ക്ക് പരിചരണം നിഷേധിച്ച് പറഞ്ഞുവിടണമെന്നാണ് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ജോലിസ്ഥലങ്ങളില്‍ ജീവനക്കാരെ സുരക്ഷിതരാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഹെല്‍ത്ത് സെക്രട്ടറി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും സ്ഥിരീകരിച്ചു.
കാല്‍ശതമാനം എന്‍എച്ച്എസ് ജീവനക്കാരും കഴിഞ്ഞ 12 മാസത്തിനിടെ ചുരുങ്ങിയത് ഒരു അക്രമമോ, പരിഹാസത്തിനോ, ചൂഷണത്തിനോ ഇരയായെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമില്ല. ഇതോടെ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളെ ബാധിക്കും.
എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുന്നത് അവകാശമാണ്, എന്നാല്‍ അത് ജീവനക്കാരെ അക്രമിക്കാനുള്ള ലൈസന്‍സ് നല്‍കുന്നില്ല, യുണീഷന്‍ നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വ്വീസ് ഗ്രൂപ്പ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ചികിത്സ ലഭിക്കാനുള്ള അവകാശത്തിന്റെ പേരില്‍ ഏത് രീതിയിലും പെരുമാറാമെന്നും ഇതിന് അര്‍ത്ഥമില്ല. അതുകൊണ്ട് ജീവനക്കാര്‍ക്ക് 'നോ' പറഞ്ഞ് ഇത്തരക്കാരെ പുറത്താക്കാനുള്ള അവകാശം വരും. ഈ സിസ്റ്റവും, ഈ ആളുകളും എന്തും പറയാനുള്ളതല്ലെന്ന് ആളുകളെ പഠിപ്പിക്കും, ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.