ചൈനയാണ് ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളുടെ പ്രഖ്യാപിത ശത്രു. സകല കാര്യങ്ങള്‍ക്കും ചൈനയെ ആശ്രയിക്കേണ്ടി വരുന്നത് തന്നെയാണ് ഈ ശത്രുതയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. എന്നാല്‍ ഈ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ബ്രിട്ടനിലെ ലക്ഷക്കണക്കിന് രോഗികളുടെ ഡാറ്റ ചൈനയ്ക്ക് കൈമാറുന്നതില്‍ നിന്നും ഗവണ്‍മെന്റ് പിന്തിരിയുന്നില്ലെന്നതാണ് ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്.
എന്‍എച്ച്എസ് മെഡിക്കല്‍ രേഖകള്‍ ദുരുപയോഗം ചെയ്യുമെന്ന് എംഐ5 ആശങ്ക പ്രകടിപ്പിക്കുമ്പോഴും ചൈനീസ് ഗവേഷകര്‍ക്കായി ഈ അക്ഷയഖനി തുറന്നുകൊടുക്കാനാണ് നീക്കം. ചൈനയുടെ പക്കലേക്ക് വ്യക്തിപരമായ വിവരങ്ങള്‍ എത്തിച്ച് കൊടുക്കുന്നത് ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്ന് പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നിട്ടും അര മില്ല്യണ്‍ യുകെ രോഗികളുടെ ജിപി രേഖകളാണ് ബ്രിട്ടന്‍ കൈമാറുന്നത്. എംപിമാര്‍ പോലും ഈ നീക്കം രോഷം ഉയര്‍ത്തുന്നതാണെന്ന് കുറ്റപ്പെടുത്തുന്നു. യുകെ ബയോബാങ്കിന്റെ കേന്ദ്ര ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യുക. യൂണിവേഴ്‌സിറ്റികള്‍, സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രൈവറ്റ് കമ്പനികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഡാറ്റ ഉപയോഗിക്കാം.
എന്നാല്‍ ഇത് ഉപയോഗിക്കാനുള്ള അഞ്ചിലൊന്ന് അപേക്ഷകളും ചൈനയില്‍ നിന്നാണ് വരുന്നതെന്ന് പരിശോധനകള്‍ വ്യക്തമാക്കുന്നു. സ്ഥാപനങ്ങളെയും, വ്യക്തികളെയും ഉപയോഗിച്ച് ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ കൈക്കലാക്കാന്‍ കഴിയുമെന്നാണ് എംഐ5 മുന്നറിയിപ്പ്. ചൈന സൗഹൃദത്തിലുള്ള രാജ്യമല്ലെന്നും, അവിടേക്ക എന്‍എച്ച്എസ് ഡാറ്റ പോകുന്നത് പൂര്‍ണ്ണമായി തടയണമെന്നും മുന്‍ ടോറി നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് ആവശ്യപ്പെട്ടു.