വിശ്വാസം ദുരുപയോഗം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ്. കാരണം എന്തെങ്കിലും 'കിട്ടാന്‍' വേണ്ടിയാണ് വിശ്വാസി പലപ്പോഴും ഈ പാത ഉപയോഗിക്കുന്നത്. ഇത് മനസ്സിലാക്കുന്ന ചില തട്ടിപ്പുകാര്‍ വിശ്വാസികളെ ദുരുപയോഗം ചെയ്യുന്നതില്‍ വരെ എത്തിച്ചേരും. എന്തായാലും കേരളത്തില്‍ നിന്നും സന്ന്യാസിയായി ബ്രിട്ടനിലെത്തിയ മുരളീകൃഷ്ണന്‍ പുളിക്കല്‍ ഇത്തരത്തില്‍ അവസരം വിനിയോഗിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുയാണ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ 'ദൈവത്തെ' ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്.
'ദൈവം' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹിന്ദു സന്ന്യാസി മുരളീകൃഷ്ണന്‍ പുളിക്കല്‍ ഒരു വിശ്വാസിയെ ബലാത്സംഗം ചെയ്യുകയും, മറ്റൊരു ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത കേസുകളിലാണ് കുറ്റവാളിയാണെന്ന് തെളിഞ്ഞത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് ഇയാള്‍. ഹിന്ദു ദൈവത്തിന്റെ 'അവതാരമെന്ന്' അവകാശപ്പെട്ട് ലോകത്താകമാനം ഇയാള്‍ക്ക് നൂറുകണക്കിന് വിശ്വാസികളുണ്ട്.
നോര്‍ത്ത് ലണ്ടന്‍ ബാര്‍ണെറ്റിലെ ക്ഷേത്രത്തില്‍ നിന്നും പതിവായി പ്രാര്‍ത്ഥനാ സെഷനുകള്‍ നടത്തിയിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ ഇവിടേക്ക് വിശ്വാസികള്‍ എത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗുരുതരമായ അഞ്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പോലീസ് 'ദൈവത്തെ' അറസ്റ്റ് ചെയ്യുന്നത്. ഒരു സ്ത്രീക്കെതിരായ ബലാത്സംഗം, ബലാത്സംഗ ശ്രമം, മറ്റൊരാള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയായിരുന്നു കേസ്.
വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയാണ് മുരളീകൃഷ്ണന്‍ പുളിക്കലിന് ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഇയാള്‍ നടത്തിയ പ്രാര്‍ത്ഥനാ സെഷനുകളില്‍ എത്തിയ സ്ത്രീകളാണ് പരാതിക്കാര്‍. ഒരു സ്ത്രീയോട് താന്‍ 'ദൈവത്തെ പോലെ നോക്കും' എന്നും, മുന്‍ജന്മത്തില്‍ ഒരുമിച്ചുണ്ടായെന്നും അവകാശപ്പെട്ടാണ് ദുരുപയോഗം ചെയ്തത്. എന്നാല്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചു.
ഇപ്പോള്‍ ചാരിറ്റി കമ്മീഷന്‍ പുളിക്കല്‍ ട്രസ്റ്റിയായിട്ടുള്ള ഓം ശരവണഭവ സേവാ ട്രസ്റ്റിനെതിരെ നിബന്ധനകള്‍ പാലിക്കാത്തതിന് കേസെടുത്തിട്ടുണ്ട്. 2023 മേയില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.14 മില്ല്യണ്‍ പൗണ്ട് വരുമാനമാണ് ഈ ചാരിറ്റി നേടിയത്.