യുകെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമാകുന്നതായി അധ്യാപകര്‍. സ്ത്രീ വിരുദ്ധതയും, വംശവെറിയും യുകെ സ്‌കൂളുകളില്‍ വര്‍ദ്ധിക്കുന്നതായി അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡൊണാള്‍ഡ് ട്രംപ്, ആന്‍ഡ്രൂ ടറ്റെ പോലുള്ളവരുടെ പെരുമാറ്റമാണ് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയും കണ്ടുപഠിക്കുന്നതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സോഷ്യല്‍ മീഡിയയാണ് വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമാകുന്നതിന് പ്രധാന കാരണമെന്ന് എന്‍എഎസ്‌യുഡബ്യുടി യൂണിയന്‍ നടത്തിയ സര്‍വ്വെ കണ്ടെത്തി. വനിതാ ജീവനക്കാരാണ് ഈ മോശം പെരുമാറ്റത്തിന്റെ ദൂഷ്യവശം നേരിടുന്നത്. അതേസമയം സ്‌കൂള്‍ നിയമം അംഗീകരിക്കാന്‍ തയ്യാറാകാത്ത രക്ഷിതാക്കള്‍ സ്‌കൂളില്‍ മക്കളുടെ പെരുമാറ്റം മോശമായാല്‍ ഉത്തരവാദിത്വം എടുക്കുന്നില്ലെന്നും അധ്യാപകര്‍ ആശങ്ക ഉന്നയിക്കുന്നു.
സ്‌കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ അനസ്യൂതം ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ കരുതുന്നു. ഇത് ഉപയോഗിച്ച് പഠനസമയം തടസ്സപ്പെടുത്തുകയും, മറ്റുള്ളവരെ പരിഹസിക്കുകയും, സഹവിദ്യാര്‍ത്ഥികളുടെ ബഹുമാനം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നും, എന്‍എഎസ്‌യുഡബ്യുടി യൂണിയന്‍ ജനറല്‍ സെക്രട്ടറി പാട്രിക് റോച്ച് പറഞ്ഞു.
തന്നോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ആണ്‍കുട്ടികളുണ്ടെന്ന് ഒരു പ്രൈമറി ടീച്ചര്‍ പറഞ്ഞു. താനൊരു സ്ത്രീയായതിനാല്‍ ഇവര്‍ പുരുഷ ടീച്ചിംഗ് അസിസ്റ്റന്റിനോടാണ് സംസാരിക്കുന്നത്. ആന്‍ഡ്രൂ ടറ്റെയെ പോലുള്ളവര്‍ നിരവധി കാറുകളും, സ്ത്രീകളുമായി കറങ്ങുന്നത് അടിപൊളിയാണെന്നാണ് ഇവര്‍ കരുതുന്നത്. സ്ത്രീകളെ അങ്ങനെ കാണണമെന്നും വിശ്വസിക്കുന്നു. 10 വയസ്സ് വരെയുള്ള കുട്ടികളുടെ കാര്യമാണിത്, അധ്യാപിക ചൂണ്ടിക്കാണിച്ചു.