ജോലി കഴിഞ്ഞ് അതീവ ക്ഷീണിതരായി മടങ്ങുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ കാര്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നതായി സുപ്രധാന അന്വേഷണ റിപ്പോര്‍ട്ട്. രോഗികള്‍ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന തലത്തിലേക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ അവസ്ഥ മാറിക്കഴിഞ്ഞെന്നാണ് സര്‍വ്വീസിന്റെ സേഫ്റ്റി വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കുന്നത്.
ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ നേരിടുന്ന ക്ഷീണം മൂലം പിഴവുകള്‍ സംഭവിക്കാനും, ഇത് രോഗികള്‍ക്ക് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കാനും ഇടയാക്കുമെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡി വ്യക്തമാക്കുന്നത്. ഈ അവസ്ഥ നേരിട്ടും, അല്ലാതെയും രോഗികളെ അപകടത്തിലാക്കുമ്പോഴും എന്‍എച്ച്എസ് ഈ ഭീഷണിയെ കുറിച്ച് തിരിച്ചറിയുന്നില്ല. എന്‍എച്ച്എസ് ജീവനക്കാരുടെ ധീരോദാത്തമായ പ്രകടനമെന്ന മാനസികനിലയാണ് ഇതിന് കാരണമെന്നും ബോഡി കുറ്റപ്പെടുത്തി.
ക്ഷീണിതരായ ഡോക്ടര്‍മാരും, നഴ്‌സുമാരും രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ പിഴവുകള്‍ കടന്നുകൂടുന്നുണ്ട്. ഫീഡിംഗ് ട്യൂബ് സ്ഥലം മാറി കടത്തുകയും, പ്രസവിച്ച സ്ത്രീയുടെ ഉള്ളില്‍ സ്വാബ് മറന്നുവെച്ചതും, ബ്ലഡ് സാംപിളില്‍ ലേബല്‍ മാറിപ്പോകുകയും ഉള്‍പ്പെടെ അബദ്ധങ്ങളാണ് ഇത് വരുത്തിവെയ്ക്കുന്നത്.
സുദീര്‍ഘമായ ഷിഫ്റ്റ് പൂര്‍ത്തിയാക്കി കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്ന ജീവനക്കാര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എന്‍എച്ച്എസ് സേഫ്റ്റി റെഗുലേറ്റര്‍ കണ്ടെത്തി. ജീവനക്കാര്‍ അതീവ ക്ഷീണത്തില്‍ മടങ്ങുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ക്ഷീണിതരായ എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളുടെ സുരക്ഷയെയും ബാധിക്കുന്നുവെന്ന് എച്ച്എസ്എസ്‌ഐബി പറയുന്നു.