നാമമാത്രമായ ശമ്പളവര്‍ദ്ധനവ് നല്‍കി എന്‍എച്ച്എസ് നഴ്‌സുമാരെ തൃപ്തിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ 25% വരുമാന നഷ്ടം നികത്തി നല്‍കുന്ന തരത്തിലുള്ള വര്‍ദ്ധനവാണ് നഴ്‌സുമാര്‍ക്ക് വേണ്ടതെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്തിട്ടുള്ള 2.8% വര്‍ദ്ധന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, നാടകീയമായ രീതിയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുമെന്നും ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രഖ്യാപിച്ചു.
നഷ്ടമായ വരുമാനം തിരികെ ലഭിക്കാന്‍ പര്യാപ്തമായ തോതിലാണ് വര്‍ദ്ധന വേണ്ടത്. ഈ ലക്ഷ്യം നേടാന്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടാന്‍ തയ്യാറാണ്, ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. നിലവില്‍ ഓഫര്‍ ചെയ്യുന്ന ശമ്പളവര്‍ദ്ധനവില്‍ ജീവനക്കാരും അവരുടെ യൂണിയനുകളും സംതൃപ്തരല്ലെന്നാണ് സ്ഥിരീകരിക്കുന്നത്.
ഇതോടെ വരും മാസങ്ങളില്‍ എന്‍എച്ച്എസ് പരിചരണം താറുമാറാകുന്ന തരത്തില്‍ സമരങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും തെളിയുന്നു. തിങ്കളാഴ്ച ലിവര്‍പൂളില്‍ ആര്‍സിഎന്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ ഇരിക്കവെയാണ് ജനറല്‍ സെക്രട്ടറി വെല്ലുവിളി നടത്തിയിരിക്കുന്നത്.
ജൂനിയര്‍ ഡോക്ടര്‍മാര്‍ സമാനമായ ആവശ്യം മുന്‍നിര്‍ത്തി നടത്തിയ സമരം ലേബര്‍ ഗവണ്‍മെന്റ് അംഗീകരിച്ച് കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടമായ വരുമാനം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന ശമ്പളരവര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാരും തെരുവിലിറങ്ങുന്നത്. '2010 മുതല്‍ 25% വരുമാന നഷ്ടമാണ് നഴ്‌സുമാര്‍ നേരിട്ടത്. ഇത് തിരികെ കിട്ടണം. ജൂനിയര്‍ ഡോക്ടര്‍മാര്‍ 11 വട്ടമാണ് സമരം ചെയ്തത്. ഓരോ ആശുപത്രിയിലും നഴ്‌സുമാര്‍ ഒരു മണിക്കൂര്‍ ജോലി നിര്‍ത്തിയാല്‍ ഇതിന്റെ പ്രത്യാഘാതം വലുതാകും. നഴ്‌സിംഗിന് ഇപ്പോള്‍ മൂല്യവുമില്ല, ശമ്പളവുമില്ല', റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.