CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 39 Seconds Ago
Breaking Now

അമേരിക്കന്‍ വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗം നടത്തിയത് ഹരിയാന സ്വദേശിയെ ; വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കിയെന്ന് വിശദീകരണം

നാടുകടത്താനായി നെവാര്‍ക്ക് വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇയാള്‍ ബഹളം ഉണ്ടാക്കിയെന്നും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് യു എസ് അധികൃതരുടെ വിശദീകരണം.

അമേരിക്കയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിനിരയായ യുവാവ് ഇന്ത്യന്‍ പൗരന്‍ തന്നെയെന്ന് സ്ഥിരീകരണം. ഹരിയാന സ്വദേശിയെ ആണ് ഇന്ത്യയിലേക്ക് നാടുകടത്താന്‍ നെവാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിച്ചതെന്ന് ഉന്നത വ്യത്തങ്ങള്‍ അറിയിച്ചു. അനധികൃതമായി വിസയില്ലാതെയാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് വിശദീകരണം. യു എസ് ഉദ്യോഗസ്ഥരുടെ പിടിയിലായ ഇയാളെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടു എന്ന് അമേരിക്ക ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചു.

നാടുകടത്താനായി നെവാര്‍ക്ക് വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇയാള്‍ ബഹളം ഉണ്ടാക്കിയെന്നും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് യു എസ് അധികൃതരുടെ വിശദീകരണം. സ്ഥിതി മെച്ചപ്പെടുമ്പോള്‍ തിരിച്ചയക്കും എന്നും അമേരിക്ക അറിയിച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ നിരന്തരം ഇടപെടുന്നുണ്ട് എന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ യുവാവിനെ നിലത്തിട്ട് കൈകള്‍ പിന്നില്‍ ബന്ധിക്കുന്ന എയര്‍പോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. സംഭവം നേരില്‍ കണ്ട സംരംഭകന്‍ കുനാല്‍ ജെയിനാണ് എക്സില്‍ ദൃശ്യം പങ്കുവച്ചത്. 'നെവാര്‍ക്ക് വിമാനത്താവളത്തില്‍ നാടുകടത്താന്‍ എത്തിച്ച ചെറുപ്പക്കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടു. അയാളെ അവര്‍ ക്രിമിനലിനെപ്പോലെ വിലങ്ങണിയിച്ചിരുന്നു. കരയുകയായിരുന്നു. നിസ്സഹായനായിരുന്നു ഞാന്‍. ഒരു എന്‍ ആര്‍ ഐ എന്ന നിലയില്‍ എന്റെ ഹൃദയം തകര്‍ന്നു പോയി' - ഇങ്ങനെയായിരുന്നു കുനാല്‍ ജെയിന്‍ കുറിച്ചത്. സംഭവത്തിന് അന്‍പതോളം പേര്‍ ദൃക്സാക്ഷികളായിരുന്നെന്നും യുവാവ് സംസാരിച്ച ഹരിയാന്‍വി ഭാഷ മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും കുനാല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ കോണ്‍സുലേറ്റ് കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.