ഇറാന് ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ വൈറലാകുന്നു. തത്സമയ സംപ്രേഷണത്തിനിടെ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ പിന്നില്‍ ആക്രമണമുണ്ടാകുന്നതിന്റെയും സ്ക്രീന്‍ തകര്‍ന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാര്‍ത്ത അവതാരകയായ സഹാര്‍ ഇമാമി വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പിന്നാലെ സഹാര്‍ ഇമാമി എഴുന്നേറ്റ് ഓടുന്നതും വീഡിയോയിലുണ്ട്.
ഔദ്യോഗിക മാധ്യമത്തിന്റെ ടെഹ്റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകര്‍ന്നതായും നിരവധി ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഐആര്‍ഐബി വ്യക്തമാക്കി. അതേസമയം, ഐആര്‍ഐബി ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇനിയും ആക്രമിക്കൂവെന്ന് ചാനലിന്റെ റിപ്പോര്‍ട്ടര്‍ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാന് തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടെഹ്റാനില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.