കഴിഞ്ഞയാഴ്ച രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനന അപകടത്തിന് ശേഷം ലണ്ടനിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനയാത്ര മുടങ്ങി. അപകടത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതോടെയാണ് യാത്ര മുടങ്ങിയത്. സാങ്കേതിക തകരാര്‍ കണ്ടതോടെ വിമാനം ടേക്ക് ഓഫ് ചെയ്തില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 നാണ് എയര്‍ ഇന്ത്യയുടെ എഐ 159 വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാതില്ല. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള AI 159 വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റും സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വിമാനം റദ്ദാക്കിയതായി ഞങ്ങളെ അറിയിച്ചു എന്നാണ് യാത്രക്കാര്‍ പറയുന്നത്. AI-171 എന്ന കോഡ് ഉള്ള അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനം തിങ്കളാഴ്ച മുതല്‍ പുതിയ ഫ്ലൈറ്റ് കോഡ് AI-159 ഉപയോഗിച്ചാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. എഐ 171 വിമാനം കഴിഞ്ഞയാഴ്ച അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് സര്‍വ്വീസിന്റെ ഫ്ലെറ്റ് കോഡ് മാറ്റിയത്. വിമാനം റദ്ദാക്കലിന് കാരണമായ 'സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച്' എയര്‍ ഇന്ത്യയോ വിമാനത്താവള ഉദ്യോഗസ്ഥരോ വിശദീകരിച്ചിട്ടില്ല.
ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഗുജറാത്തിലുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. അപകടത്തിന് പിന്നാലെ 171 എന്ന ഫ്‌ളൈറ്റ് നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരുന്നില്ല.