കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികള്‍ കൂടുതല്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. കുടുംബത്തിന്റെ അത്താണിയായിരുന്നു സുധിയുടെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചതോടെയാണ് രേണു അഭിനയത്തിലേക്ക് ഇറങ്ങുന്നത്. അതിന്റെ പേരില്‍ പലപ്പോഴും രേണു വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിട്ടുണ്ട്.
ഇപ്പോഴിതാ ഭാര്യ രേണുവിനെ കുറിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ മരണദിവസം മുതല്‍ രേണു സുധിയെ അറിയാം. പെര്‍ഫോമര്‍ ആയ രേണു സുധിയുടെ ഭര്‍ത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെര്‍ഫാമറായി ഞാന്‍ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല. രേണുസുധിയുടെ വീഡിയോയും റീല്‍സും നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന തരത്തില്‍ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്.
ദാസ് എന്ന ഒരു ആര്‍ട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടന്‍ വരും രക്ഷാകര്‍ത്താക്കള്‍. കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോള്‍ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടില്‍ ഒന്നാന്തരം game കള്‍ കളിക്കാനറിയുന്ന രേണുസുധി ഇപ്പോള്‍ പറയുന്നതിലും മികച്ച വര്‍ത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താല്‍.
അവര്‍ക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കില്‍ പോലും തന്റെ നിലം ഒരുക്കിയെടുക്കാന്‍ താന്‍ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമര്‍ഥ്യം. അതിനിടയില്‍, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവര്‍ തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ' എന്നാണ് ശാരദക്കുട്ടി എഴുതിയത്.