സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടി മതവും ജാതിയും നോക്കിയാണ് സ്ഥാനമാനങ്ങള്‍ നല്‍കുന്നതെന്ന് ധര്‍മജന്‍ പറഞ്ഞു. അത് നല്ലൊരു പരിപാടിയല്ലെന്നും കഴിവുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടതെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് ക്രിസ്ത്യാനി, മുസ്ലീം, ഹരിജന്‍, ബ്രാഹ്‌മണന്‍ എന്നിങ്ങനെ നോക്കി സീറ്റുകള്‍ നല്‍കുന്നതെന്നും ധര്‍മജന്‍ ചോദിച്ചു. എന്നാല്‍ എല്‍ഡിഎഫ് അങ്ങനെയല്ലെന്നും ധര്‍മജന്‍ പറഞ്ഞു. അവര്‍ ക്രിസ്ത്യന്‍ മണ്ഡലത്തില്‍ ക്രിസ്ത്യാനിയെ തന്നെ നിര്‍ത്താറില്ല. മറ്റ് ഏതെങ്കിലും വിഭാഗത്തിലുള്ളവരെ നിര്‍ത്തുമെന്നും ധര്‍മജന്‍ അഭിപ്രായപ്പെട്ടു.
അത് എല്‍ഡിഎഫിന്റെ വിജയമാണെന്ന് കോണ്‍ഗ്രസുകാരനായ താന്‍ പറയില്ല. എന്നാലും അവര്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കും. കോണ്‍ഗ്രസിലെ ചില കാര്യങ്ങള്‍ തനിക്ക് ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ താന്‍ തുറന്നുപറയും. സമയമാവുമ്പോള്‍ തമ്മില്‍ തല്ലുന്നത് നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും ധര്‍മജന്‍ വ്യക്തമാക്കി.