സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പ്രതിസന്ധിയിലെ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചാണ് പോസ്റ്റ്. വിവരാവകാശത്തിന്റെ കാലത്ത് സമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്‌നവും ഇല്ലെന്ന് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് കുറുപ്പില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് എന്‍ പ്രശാന്തിന്റെ പ്രതികരണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ഫണ്ടില്ലാതെ ബിരിയാണി വെയ്ക്കാനും ഉപകരണമില്ലാതെ ഓപ്പറേഷന്‍ ചെയ്യാനും ബുദ്ധിമുട്ടാണ്. കൊളോണിയല്‍ ഹാങ്ങോവര്‍ മാറാത്തവര്‍ക്കും രാജഭരണ വൈബ്‌സ് കൊണ്ട് നടക്കുന്നവര്‍ക്കും പ്രശ്‌നപരിഹാരമല്ല. ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം എന്നും എന്‍ പ്രശാന്ത് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിവരാവകാശത്തിന്റെ കാലത്ത് ഫേസ്ബുക്കില്‍ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്‌നവും ഇല്ല- ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന കാര്യങ്ങളൊന്നും ഈ കൊച്ചു കേരളത്തില്‍ തല്‍ക്കാലം ഇല്ല. അതായത്, IAS കാരും, ഡോക്ടറും, എഞ്ചിനീയറും, ടീച്ചറും - ആരും തന്നെ സീക്രറ്റ് സര്‍വ്വീസിലല്ല, പബ്ലിക് സര്‍വ്വീസിലാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷന്‍ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്. ആത്മാഭിമാനവും മനുഷ്യവികാരങ്ങളും പരിമിതികളും ഉള്ള സാധാരണക്കാരാണിവര്‍.
കൊളോണിയല്‍ ഹാങ്ങോവര്‍ മാറാത്തവര്‍ക്കും രാജഭരണ വൈബ്‌സ് കൊണ്ട് നടക്കുന്നവര്‍ക്കും പ്രശ്‌നപരിഹാരമല്ല, ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം. തുറന്ന് പറച്ചിലും പൊതു ചര്‍ച്ചയും ജനാധിപത്യത്തില്‍ സാധാരണയാണ് എന്ന സത്യം 'പ്രബുദ്ധ' കേരളം മനസ്സിലാക്കിയാല്‍ നന്ന്.