CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 14 Seconds Ago
Breaking Now

തൃശൂരില്‍ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ; കുഴിയെടുക്കുന്നത് കണ്ടതായി അയല്‍വാസി ; മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അമ്മ

രണ്ട് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് അനീഷയാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

തൃശൂരില്‍ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതി അനീഷയുടെ അയല്‍വാസി ഗിരിജ. അനീഷ വീടിന്റെ പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞു. ബക്കറ്റില്‍ എന്തോ കൊണ്ടവരുന്നത് കണ്ടിരുന്നു. തന്നെ കണ്ടതും അനീഷ വീട്ടിലേയ്ക്ക് കയറിപ്പോയി. രണ്ട് മൂന്ന് കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഈ സംഭവം നടന്നതെന്നും അയല്‍വാസി പറഞ്ഞു. ആദ്യ കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കുഞ്ഞിനെ അനീഷ കൊലപ്പെടുത്തിയോ എന്ന കാര്യം അറിയില്ലെന്നാണ് അനീഷയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. ബവിനും അനീഷയും തമ്മില്‍ പ്രണയത്തിലാണെന്ന് അറിയാമായിരുന്നു. അനീഷ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അനീഷയും ബവിനും തമ്മിലുള്ള ബന്ധം തനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ബന്ധം തുടര്‍ന്നിരുന്നില്ല എന്നാണ് കരുതിയിരുന്നതെന്നും അമ്മ പറഞ്ഞു.

രണ്ട് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് അനീഷയാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ശ്വാസം മുട്ടിച്ചാണ് രണ്ട് കുഞ്ഞുങ്ങളേയും അനീഷ കൊലപ്പെടുത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. ആദ്യത്തെ കുഞ്ഞിന്റെ മരണം കഴുത്തില്‍ പൊക്കിള്‍ക്കൊടി കുടുങ്ങിയാണെന്നായിരുന്നു അനീഷ ആദ്യം പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെ അനീഷയുമായി പൊലീസ് കുഞ്ഞുങ്ങളെ കുഴിച്ചിട്ട വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിന് കാണിച്ചുകൊടുത്തു.

നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ബവിന്‍ എന്ന യുവാവ് പൊലീസ് സ്റ്റേഷനില്‍ അസ്ഥികള്‍ ഹാജരാക്കിയതാണ് കേസിന്റെ തുടക്കം

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അനീഷയ്ക്ക് പതിനെട്ടും ബവിന് ഇരുപതുമായിരുന്നു അന്ന് പ്രായം. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതും കൊലപ്പെടുത്തുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. അടുത്തിടെ അനീഷയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി ബവിന്‍ സംശയിച്ചിരുന്നു. ഇത് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കത്തിനും വഴക്കിനും കാരണമായി.

രണ്ടാമതൊരു ഫോണ്‍ വേണമെന്ന് അനീഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് വേണ്ടെന്ന് അനീഷ തന്നെ പറഞ്ഞു. അതിന് ശേഷം കാണുമ്പോള്‍ അനീഷയുടെ കൈവശം രണ്ട് ഫോണുകള്‍ കണ്ടത് ബവിനില്‍ സംശയം വര്‍ദ്ധിപ്പിച്ചു. അനീഷ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന് കരുതിയ ബവിന്‍ അനീഷയെക്കൊണ്ട് ബോധപൂര്‍വ്വം കുഞ്ഞുങ്ങളുടെ അസ്ഥികള്‍ പുറത്തെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

അനീഷ ഒഴിഞ്ഞുമാറുകയാണെങ്കില്‍ തെളിവായി അസ്ഥികള്‍ കാണിക്കാനായിരുന്നു ബവിന്റെ പദ്ധതി. ഇയാള്‍ ശല്യമായി തുടങ്ങിയതോടെ സ്വയം അകന്നതാണെന്ന് അനീഷ പൊലീസിനോട് പറഞ്ഞിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ അനീഷ തിരക്കിലായതാണ് ഒടുവിലെ പ്രകോപനത്തിന് കാരണം. ബന്ധുവിനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. തര്‍ക്കം മൂര്‍ച്ഛിത്തതോടെ യുവാവ് അസ്ഥി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.