തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത മൂന്ന് പേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. 14 പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം.
ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്.
വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികള്‍ പറഞ്ഞു