ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമൂഹമാധ്യമമായ എക്‌സ് പോസ്റ്റിലൂടെയുള്ള ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് വഴി തുറക്കണമെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ രേഖാമൂലം വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ഭാവിയില്‍ സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കണം. ഗാസയിലോ ലെബനോനിലോ പോലെ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാന്‍ നിലപാട് വ്യക്തമാക്കി. ഇതിന് യുഎന്‍ അംഗരാജ്യങ്ങള്‍ ഇടപെടണം എന്നാണ് ആവശ്യം. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഈ നിലപാട്. വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതിച്ചത് പുതിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇതില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.