നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഡോ ഹാരിസ് ചിറയ്ക്കല്‍. താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്നും തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരുമെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കല്‍ പറയുന്നു. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതിസന്ധികള്‍ പുറത്തുകൊണ്ടുവന്ന ഡോ ഹാരിസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. ഹാരിസിന്റെ പ്രവൃത്തി ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് പിണറായി വിജയന്റെ വിമര്‍ശനം.
അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ടാകാം, അത് കേരളത്തെ താറടിച്ച് കാണിക്കണം എന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധം പുറത്തു വിടരുത്. നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ അത് ഇടയാക്കും എന്നായിരുന്നു പിണറായി പറഞ്ഞത്. കണ്ണൂരിലെ മേഖലാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം