സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി. രാത്രി പന്ത്രണ്ടിന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാണ്. തൊഴിലാളികളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മോട്ടോര്‍ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനം, പാല്‍ വിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കി. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും ഒഴിവാക്കി.
തലസ്ഥാനത്ത് രാവിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടക്കും. രാജ്ഭവനു മുന്നിലെ കൂട്ടായ്മ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും.
അതേസമയം, കേരളത്തിന് പുറത്ത് പണിമുടക്ക് ജനം തള്ളിക്കളഞ്ഞു. പതിവുപോലെ എല്ലായിടത്തും ജനജീവിതം സുഗമമായി നടക്കുകയാണ്.