പക തീര്‍ക്കാന്‍ ഏതറ്റം വരെയും പോകുന്ന ചിലരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരം കഥകള്‍ യഥാര്‍ത്ഥത്തില്‍ നടന്നുവെന്നത് നമ്മെ അമ്പരപ്പിച്ചേക്കാം. ഈ വിധത്തില്‍ ആരെയും ഭയപ്പെടുത്താന്‍ പോന്ന ക്രൂരകൃത്യങ്ങളാണ് യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ ഐടി കണ്‍സള്‍ട്ടന്റ് അജിത് കുമാര്‍ മുപ്പാരപ്പ് നടപ്പാക്കിയത്. യുകെയിലെ ബെര്‍ക്ഷയറിലുള്ള ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കൂടിയായ ഭാര്യ വിവാഹമോചനം നേടിയതിന്റെ രോഷത്തിലാണ് ഇയാള്‍ കൊട്ടേഷന്‍ നല്‍കിയത്.
വിവാഹമോചനം നേടിയതിന്റെ പക വീട്ടാന്‍ അജിത് കുമാര്‍ ഭാര്യയെയും, അവരുടെ വീട്ടുകാരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓങ്കോളജിസ്റ്റായ ഡോ. സിരിഷാ മുട്ടവരപ്പിനെയും, വീട്ടുകാരെയും ഇല്ലാതാക്കാന്‍ ഇയാള്‍ വാടക കൊലയാളികളെ ഏല്‍പ്പിക്കുകയും ചെയ്തു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് സിരിഷയുടെ അമ്മ കൊല്ലപ്പെട്ടിരുന്നു.
ഹൈദരാബാദില്‍ താമസിക്കുന്ന മുന്‍ ഭാര്യയുടെ വീട്ടുകാരെ വകവരുത്താന്‍ ഒന്‍പതംഗ കൊലയാളി സംഘത്തെയാണ് അജിത് കുമാര്‍ നിയോഗിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെയായിരുന്നു ഈ സംഭവവികാസങ്ങള്‍. എന്നാല്‍ ഈ വര്‍ഷം ആദ്യം അജിത്തിനെ മെയ്‌ഡെന്‍ഹെഡില്‍ നിന്നും നാടുകടത്തല്‍ യൂണിറ്റ് ഓഫീസര്‍മാര്‍ പൊക്കി. ഇന്ത്യയില്‍ നിന്നും വാറണ്ട് ലഭിച്ചതോടെയാണ് ഇത്.
ഡോ. സിരിഷ, ഇവരുടെ സഹോദരന്‍ പുരേന്ദര്‍, ഇദ്ദേഹത്തിന്റെ ഭാര്യ ശശിരേഖ, പിതാവ് ഹനുമന്ദ റാവു എന്നിവരെ കൊല്ലാന്‍ പദ്ധതിയിട്ടെന്നാണ് അജിത് നേരിടുന്ന ആരോപണം. ഇതിനിടെ ഇയാളുടെ പ്രേരണയില്‍ വീട്ടിലേക്ക് വിഷയം കലര്‍ന്ന ഭക്ഷണം എത്തിക്കുകയും, ഇത് കഴിച്ച് മുന്‍ അമ്മായമ്മ 60-കാരി ഉമാ മഹേശ്വരി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജനുവരി 7ന് അറസ്റ്റിലായ അജിത്തിനെ പുറത്തുവിടുന്നത് സമൂഹത്തിന് അപകടമാണെന്ന് ചൂണ്ടിക്കാണിച്ച് ജഡ്ജ് ഇയാളെ ജയിലില്‍ വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. നാടുകടത്തല്‍ വിചാരണയാണ് അജിത് നേരിടുന്നത്. 2023 മാര്‍ച്ചില്‍ മുന്‍ ഭാര്യയുടെ വീട്ടിലേക്ക് വിഷം കലര്‍ന്ന പാചക സാമഗ്രികളുമായി ഫുഡ് ഡെലിവെറി ഏജന്റിനെ വിട്ടുവെന്നാണ് കരുതുന്നത്. ഭാര്യാപിതാവ് ഹനുമന്ദ റാവുവിന് കൊല്ലാന്‍ കാര്‍ അപകടം സൃഷ്ടിക്കുകയും ചെയ്‌തെന്ന് കേസില്‍ പറയുന്നു.