ജൂലൈ 25 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ അമ്പരപ്പിക്കുന്ന ഓഫര്‍ വെച്ച് ഹെല്‍ത്ത് സെക്രട്ടറി. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വമ്പന്‍ ശമ്പളവര്‍ദ്ധന നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ വെസ് സ്ട്രീറ്റിംഗിന് ഇതിന് പകരമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കാന്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു.
രണ്ടാഴ്ച മാത്രം സമയം നല്‍കി സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ഓപ്ഷന്‍ മുന്നോട്ട് വെച്ചത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ ജൂലൈ 25 രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്.
ഈ വര്‍ഷം 5.4% ശമ്പളവര്‍ദ്ധന ഓഫര്‍ ചെയ്‌തെങ്കിലും തങ്ങള്‍ക്ക് 29.2 ശതമാനം വര്‍ദ്ധന വേണമെന്നാണ് റസിഡന്റ് ഡോക്ടര്‍മാരുെട ആവശ്യം. ഇതിനിടെ നഴ്‌സുമാരും സമരനടപടിയില്‍ ബാലറ്റിംഗ് ആരംഭിച്ചു. ഇതോടെ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട് വീണ്ടും വര്‍ദ്ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
ഡോക്ടര്‍മാരുടെ ആവശ്യം ന്യായീകരണമില്ലാത്തതും, ദുരന്തവുമാണെന്ന് സ്ട്രീറ്റിംഗ് പണിമുടക്കിനെ അപലപിക്കവെ കോമണ്‍സില്‍ വ്യക്തമാക്കി. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ഇത് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് വര്‍ഷമായി പൊതുമേഖലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന ആസ്വദിക്കുന്ന ഡോക്ടര്‍മാര്‍ മറ്റ് ജോലിക്കാര്‍ നേരിടുന്ന അവസ്ഥ കാണുന്നില്ലെന്നും കുറ്റപ്പെടുത്തി.
എന്നാല്‍ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്ന ഓഫറുമായി ഹെല്‍ത്ത് സെക്രട്ടറി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ബിഎംഎ പെന്‍ഷന്‍സ് കമ്മിറ്റി ചെയര്‍ ഡോ. വിശാല്‍ ശര്‍മ്മ പറഞ്ഞു. ഇത്തരമൊരു ഓഫറുമായി വന്നാല്‍ പൂര്‍ണ്ണമായും തള്ളും, അദ്ദേഹം വ്യക്തമാക്കി. ടോറി ഭരണകാലത്ത് ഈ ഡോക്ടര്‍മാരുടെ സമരങ്ങളെ ഇളക്കിവിട്ടതിന് പിന്നില്‍ ലേബറാണെന്ന് ആരോപണമുണ്ടായിരുന്നു. ഭരണത്തില്‍ വന്നതിന് ശേഷം ആദ്യം സുഖിപ്പിച്ചെങ്കിലും യൂണിയന്‍ പിടിവാശികള്‍ തുടരുന്നത് ലേബറിനും തിരിച്ചടിയാണ്.