യുകെയിലേക്ക് ചെറുബോട്ടുകളില്‍ കയറി അനധികൃതമായി ഇംഗ്ലീഷ് ചാനല്‍ കടക്കുന്നവരെ പിടികൂടി മടക്കി അയയ്ക്കാനുള്ള കരാര്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. ചാനല്‍ പ്രതിസന്ധി കൈവിട്ട് കുതിക്കുന്നതിനിടെയാണ് ഈ നീക്കം. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റാര്‍മറുടെ 'ഒരാള്‍ അകത്ത്, ഒരാള്‍ പുറത്ത്' സ്‌കീം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഒരു തരത്തിലും സഹായിക്കാത്ത നിബന്ധനകളാണ് ഇതിലുള്ളതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ചെറുബോട്ടുകളില്‍ എത്തുന്നവരെ ഫ്രാന്‍സിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് സ്റ്റാര്‍മര്‍ അവകാശപ്പെടുന്നത്. ഈ സ്‌കീം കൊണ്ടൊന്നും പ്രതിസന്ധി അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിക്കുന്നു.
നോര്‍ത്തേണ്‍ ഫ്രാന്‍സില്‍ നിന്നും നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ കടന്ന ദിവസമാണ് കരാര്‍ പ്രഖ്യാപനം. അതേസമയം ഈ അഭയാര്‍ത്ഥികളെ ഫ്രാന്‍സിലേക്ക് നാടുകടത്തുന്നതിന് മുന്‍പ് കോടതികളെ സമീപിക്കാന്‍ കഴിയുമെന്നതിനാല്‍ കോടതികളില്‍ കേസ് കുമിഞ്ഞ് കൂടാനുള്ള സാധ്യതയാണ് തെളിയുന്നത്.
ഫ്രാന്‍സിലേക്ക് തിരികെ അയച്ചാലും, ഇവര്‍ സ്വതന്ത്രരായിരിക്കുമെന്നതിനാല്‍ വീണ്ടും ബ്രിട്ടനിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ലേബര്‍ അധികാരത്തിലെത്തിയ ശേഷം 44,359 കുടിയേറ്റക്കാരാണ് ഡോവറില്‍ പ്രവേശിച്ചത്. ഈ വര്‍ഷം ഇതുവരെ 21,117 പേര്‍ എത്തിയിട്ടുണ്ട്.
കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്നതിനുള്ള സമയനിബന്ധനയോ, മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല. ഇത് വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് മാത്രമാണ് അറിയിപ്പ്.