എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തിളക്കമാര്‍ന്ന വിജയമാണ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കൈവരിച്ചത്. റെക്കോര്‍ഡ് തോതിലാണ് ഫസ്റ്റ് ചോയ്‌സ് യൂണിവേഴ്‌സിറ്റികളില്‍ തന്നെ ഇവര്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുന്നത്. 82% വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ചോയ്‌സ് തന്നെ ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അനുപാതത്തിലാണെങ്കിലും ഇത് നേടിയ 18 വയസ്സുകാരുടെ എണ്ണം ഇക്കുറി കൂടുതലാണ്.
എല്ലാ യൂണിവേഴ്‌സിറ്റികളിലേക്കും സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ പോലുള്ള മുന്‍നിര യൂണിവേഴ്‌സിറ്റികളും ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുകയാണെന്ന് യുകാസ് വ്യക്തമാക്കി. ഈ യൂണിവേഴ്‌സിറ്റികള്‍ സ്വീകരിക്കുന്ന 18 വയസ്സുകാരുടെ എണ്ണത്തില്‍ 7.2 ശതമാനം വര്‍ദ്ധനവാണുള്ളത്.
ഉന്നത ഗ്രേഡുകളില്‍ 2018ന് ശേഷം ആദ്യമായി ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ മറികടന്നിട്ടുണ്ട്. ആണ്‍കുട്ടികളുടെ ഗ്രേഡുകളില്‍ 28.4 ശതമാനം പേര്‍ക്ക് എ* അല്ലെങ്കില്‍ എ ലഭിച്ചപ്പോള്‍ 28.2 ശതമാനം പെണ്‍കുട്ടികള്‍ക്കാണ് ഈ ഗ്രേഡ് കിട്ടിയത്. മാത്സിലാണ് ആണ്‍കുട്ടികള്‍ പ്രധാനമായും പെണ്‍കുട്ടികളെ മറികടന്നത്. എന്നിരുന്നാലും മറ്റ് പല വിഷയങ്ങളിലും പെണ്‍കുട്ടികളാണ് മുന്നില്‍.
ഇതിനിടെ ഡ്രോപ്പ്-ഔട്ട് നിരക്കും റെക്കോര്‍ഡില്‍ തുടരുന്നുവെന്നതാണ് ആശങ്ക. ചില വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നുണ്ട്.