കെയര്‍ ഹോമില്‍ രാത്രി ഷിഫ്റ്റില്‍ കയറാനായി പോകവെ സീബ്രാ ക്രോസിംഗില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച അപകടം മലയാളി നഴ്‌സ് രഞ്ചു ജോസഫിന്റെയും, ഭര്‍ത്താവ് നൈജില്‍ ജോണിന്റെയും ജീവതത്തില്‍ ഒരിക്കലും മായാത്ത മുറിവാണ് സമ്മാനിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന രഞ്ചുവിന്റെ വയറ്റിലുള്ള കുഞ്ഞിനെയാണ് അപകടത്തില്‍ ഇവര്‍ക്ക് നഷ്ടമായത്.
അമിതവേഗത്തില്‍ അപകടം സൃഷ്ടിച്ച് കാര്‍ നിര്‍ത്താതെ പോയ പ്രതി 20-കാരന്‍ ആഷിര്‍ ഷാഹിദിന് 13 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ലങ്കാഷയറിലെ പ്രസ്റ്റണ് സമീപമുള്ള ബാംബര്‍ ബ്രിഡ്ജ് ഗ്രാമത്തിലായിരുന്നു അപകടം. 2024 സെപ്റ്റംബര്‍ 29ന് നടന്ന അപകടത്തിന് പിന്നാലെ രഞ്ചുവിനെ ആശുപത്രിയില്‍ എത്തിച്ച് കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിന് മുന്‍പ് ആഷിര്‍ ഷാഹിദ് ഫോര്‍മുല 1 റേസ്ട്രാക്കില്‍ ചെയ്യുന്നത് പോലെ ആക്‌സിലറേറ്റ് ചെയ്തതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. 'ഈ അമിതവേഗത കുഞ്ഞ് ഒലീവിന്റെ ജീവിതം കേവലം 5 മണിക്കൂറും, 38 മിനിറ്റും കൊണ്ട് അവസാനിപ്പിച്ചു. അവന്റെ അമ്മയ്ക്ക് കുഞ്ഞിനെ ജീവനോടെ കാണാന്‍ കഴിഞ്ഞില്ല. ആ ജീവിതം തുടങ്ങുന്നതിന് മുന്‍പ് തട്ടിയെടുത്തു', ജഡ്ജ് വിധിയില്‍ പറഞ്ഞു.
രണ്ടാഴ്ചയാണ് രഞ്ചു കോമയില്‍ കഴിഞ്ഞത്. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചതായി മലയാളി നഴ്‌സ് അറിയുന്നത്. ഒക്ടോബര്‍ 2ന് കുടുംബത്തെയും, സുഹൃത്തുക്കളെയും വിളിച്ച് ബേബി ഷവറിന്റെ ഭാഗമായി ജെന്‍ഡര്‍ റീവീല്‍ പാര്‍ട്ടി നടത്താനുള്ള ഒരുക്കത്തിലായിരുന്നു രഞ്ചുവും, ഭര്‍ത്താവായ നഴ്‌സ് നൈജില്‍ ജോണും. 'ആ ഒരു രാത്രി കൊണ്ട് എല്ലാം നശിച്ചു. ആ കാറിലെ രണ്ട് പേരുടെ തെറ്റായ നടപടിയാണ് ഇതിന് ഇടയാക്കിയത്. എന്റെ ജീവിതം ഇനിയൊരിക്കലും പഴയത് പോലെയാകില്ല', രഞ്ചു ജോസഫ് പ്രതികരിച്ചു.