കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ടൊവിനോയെ നായകനാക്കിയുള്ള ചാത്തന്റെ കഥയാണ് ഇനി അടുത്തതായി ലോക യൂണിവേഴ്‌സില്‍ പുറത്തിറങ്ങാന്‍ ഉള്ളതെന്നും അതിന് ശേഷം ദുല്‍ഖറിന്റെ ചിത്രം വരുമെന്നും ഡൊമിനിക് അരുണ്‍ പറഞ്ഞു.
'അടുത്ത ഭാഗം ടൊവിനോയുടെ ചാത്തനെക്കുറിച്ചാണ്. അതൊരു ഔട്ട് ആന്‍ഡ് ഔട്ട് ടൊവിനോ ഷോ ആയിരിക്കും. ദുല്‍ഖറിനെ നായകനാക്കിയുള്ള മൂന്നാം ഭാഗം അതിന് ശേഷം വരും. നിലവില്‍ അടുത്ത ഭാഗങ്ങളെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും തലപുകഞ്ഞ് ആലോചിക്കുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് എനിക്ക് ആഗ്രഹം. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം അടുത്ത ഭാഗത്തിന്റെ സ്‌ക്രിപ്റ്റിലേക്ക് നമ്മള്‍ കടക്കും', ഡൊമിനിക്ക് പറഞ്ഞു.