ഒരു തരത്തിലും നടക്കാന്‍ സാധ്യതയില്ലെന്ന് കരുതിയ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് രണ്ട് വര്‍ഷമായി നടക്കുന്ന യുദ്ധക്കെടുതിക്ക് അവസാനം കുറിയ്ക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദേശിച്ച സമാധാന കരാറാണ് ഇപ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷാ ക്യാബിനറ്റ് അംഗീകരിച്ചിരിക്കുന്നത്.
ഇതോടെ സുപ്രധാനമായ വെടിനിര്‍ത്തല്‍, ബന്ദികളെ വിട്ടയയ്ക്കല്‍ കരാറുകളാണ് പ്രാബല്യത്തില്‍ വരിക. സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം മണിക്കൂറുകള്‍ക്കുള്ളില്‍ നിലവിലെത്തും. ഇതിനകം യുദ്ധം നിര്‍ത്തിവെച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങുന്നതോടെ ഭീകരവാദ സംഘം ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കും.
എന്നാല്‍ യുദ്ധം അവസാനിക്കുമ്പോള്‍ തന്റെയും, മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും നേതൃത്വത്തിലുള്ള 'ബോര്‍ഡ് ഓഫ് പീസ്' നിലവില്‍ വരുമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ഹമാസ് തള്ളി. പലസ്തീനിലെ എല്ലാ വിഭാഗങ്ങളും, പലസ്തീന്‍ അതോറിറ്റി ഉള്‍പ്പെടെ ഈ നിര്‍ദ്ദേശം തള്ളിയതായി മുതിര്‍ന്ന ഹമാസ് ഒഫീഷ്യല്‍ ഒസാമാ ഹംദാന്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തെ ഗാസാ യുദ്ധത്തിന് അവസാനം കുറിയ്ക്കാന്‍ ട്രംപിന്റെ ആദ്യ ഘട്ട പദ്ധതിയാണ് ഇപ്പോള്‍ നിലവില്‍ വരുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് പുറമെ, ഇസ്രയേല്‍ ബന്ദികളെ വിട്ടയയ്ക്കുകയും, തകര്‍ന്ന നഗരം വീണ്ടും കെട്ടിപ്പടുക്കുന്നതും ഉള്‍പ്പെടെ നിബന്ധനകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അതേസമയം ഹമാസ് കരാറിലെ നിബന്ധനകള്‍ നടപ്പാക്കുന്നിടത്തോളം ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയ സ്ഥലങ്ങളിലേക്ക് എത്തില്ലെന്നും വ്യവസ്ഥയുണ്ട്.
കരാറിന്റെ ഭാഗമായി പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയയ്ക്കും. ഇസ്രയേലിനെ വെടിനിര്‍ത്തലില്‍ സഹായിക്കാനായി 200 അമേരിക്കന്‍ ട്രൂപ്പുകള്‍ അവിടെയെത്തും. രണ്ടാം ഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണവും ഉള്‍പ്പെടുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.