മുറിവേറ്റ ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് ഇനിയൊരു ബജറ്റ് ഷോക്ക് താങ്ങാന്‍ കഴിയില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ് നല്‍കി സുപ്രധാന റിപ്പോര്‍ട്ട്. വീണ്ടും നികുതിവേട്ടയ്ക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹം വളര്‍ന്നതോടെ എംപ്ലോയര്‍മാര്‍ക്കിടയിലെ ആത്മവിശ്വാസം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ രൂക്ഷവിമര്‍ശനമുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കി.
അടുത്ത 12 മാസം കൊണ്ട് വ്യാപാരം മെച്ചപ്പെടുമെന്ന് പകുതിയില്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 40 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതികളുടെ ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥ പാടുപെടുകയാണ്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചതാണ് ബിസിനസ്സുകള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിച്ചത്.
ഇതിനിടെ പുതിയ 'മാന്‍ഷന്‍ ടാക്‌സുമായി' റേച്ചല്‍ റീവ്‌സ് രംഗത്തിറങ്ങുമെന്ന ആശങ്ക ശക്തമായി. ടോറികള്‍ സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ചാന്‍സലര്‍ മറുവഴിക്ക് നീങ്ങുന്നത്. കെമി ബാഡെനോകിന്റെ പ്രഖ്യാപനത്തിന് മികച്ച ജനപിന്തുണയും ലഭിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ബജറ്റില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന റീവ്‌സ് ഇത് നികത്താന്‍ മറ്റ് വഴികള്‍ നോക്കുന്നത്.
പ്രോപ്പര്‍ട്ടി ടാക്‌സ് പൊളിച്ചെഴുതണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക ഫീസ് ഈടാക്കുമെന്ന വാര്‍ത്തകള്‍ ട്രഷറി തള്ളിയിട്ടില്ല. എന്നാല്‍ സൗത്ത് ഈസ്റ്റ് പോലെ വില കൂടുതലുള്ള മേഖലകളില്‍ താമസിക്കുന്ന സാധാരണക്കാരും, പെന്‍ഷന്‍കാരും ഈ വലയില്‍ വീഴുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.