ലേബര്‍ ഗവണ്‍മെന്റ് കൊണ്ടുപിടിച്ച് പ്രഖ്യാപിച്ച ചെറുബോട്ട് തടയാനുള്ള 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീമിന്റെ അനുപാതം ഇപ്പോഴും സാരമായ വ്യത്യാസത്തില്‍. പദ്ധതിയുടെ ഭാഗമായി ഫ്രാന്‍സിലേക്ക് കേവലം 26 പേരെയാണ് നാടുകടത്താന്‍ കഴിഞ്ഞതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
മറുവശത്ത് ബ്രിട്ടനില്‍ ബോട്ട് കയറി എത്തിയവരുടെ എണ്ണം പതിനായിരത്തില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയ 19 പേരെ തിരിച്ചയച്ചതായി ഹോം ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ പദ്ധതി ആരംഭിച്ച ശേഷം നാടുകടത്തിയവരുടെ എണ്ണം 26 എത്തി.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഗവണ്‍മെന്റുമായി ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഈ നാടുകടത്തല്‍ സ്‌കീം. എന്നാല്‍ പദ്ധതി ആരംഭിച്ച ആഗസ്റ്റ് 6 മുതല്‍ ഡോവറില്‍ ചെറുബോട്ടില്‍ എത്തിയവരുടെ എണ്ണം 10,040 ആണ്. ബുധനാഴ്ച മാത്രം 1075 പേരാണ് ബോട്ടില്‍ എത്തിയത്.
കണ്‍സര്‍വേറ്റീവുകള്‍ പ്രഖ്യാപിച്ച റുവാന്‍ഡ അഭയാര്‍ത്ഥി ഡീല്‍ റദ്ദാക്കിയാണ് കീര്‍ സ്റ്റാര്‍മര്‍ ചാനല്‍ ക്രോസിംഗ് തടയാന്‍ സ്വന്തം പദ്ധതി അവതരിപ്പിച്ചത്. ബ്രിട്ടനിലെ പൊതുജനങ്ങളെ പറ്റിക്കുകയാണ് ലേബര്‍ ചെയ്യുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്‌സ് കുറ്റപ്പെടുത്തി.
പതിനായിരം പേര്‍ എത്തുമ്പോള്‍ 26 പേരെ മാത്രം മടക്കി അയച്ചെന്ന കണക്ക് ഈ പദ്ധതി ആരെയും തടയുന്നില്ലെന്ന് വ്യക്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ മുന്‍ ഗവണ്‍മെന്റിന് ഒരാളെ പോലും നാടുകടത്താന്‍ കഴിഞ്ഞില്ലെന്നും തങ്ങള്‍ 26 പേരെ ഫ്രാന്‍സിലേക്ക് മടക്കിയെന്നുമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ വാദം.