ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ചിരുന്ന തീവ്രവാദിയാണ് മാഞ്ചസ്റ്റര്‍ സിനഗോഗില്‍ ഭീകരാക്രമണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് തീവ്രവാദ സ്വഭാവമുള്ളതായി പോലീസിന് അറിവുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ ബലാത്സംഗം നടത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
മാഞ്ചസ്റ്റര്‍ സിനഗോഗ് ഭീകരന്‍ ഒരു ബലാത്സംഗ കേസില്‍ അന്വേഷണം നേരിട്ടതായി അറിഞ്ഞിരുന്നെങ്കിലും, കഴിഞ്ഞ മാസം മറ്റൊരു ബലാത്സംഗ കേസിലും ഇയാള്‍ പ്രതിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ജിഹാദ് അല്‍ ഷാമിയെന്ന 35-കാരനാണ് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രൂ കോണ്‍ഗ്രഗേഷന്‍ സിനഗോഗില്‍ കാര്‍ ഇടിച്ചുകയറ്റിയ ശേഷം അക്രമം നടത്തിയത്.
2024 ഡിസംബറിലും, കഴിഞ്ഞ മാസവും ഇയാള്‍ രണ്ട് വ്യത്യസ്ത സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയെന്നാണ് വ്യക്തമാകുന്നത്. മൂന്ന് മക്കളുടെ പിതാവായ ഇയാള്‍ ചുരുങ്ങിയത് മൂന്ന് സ്ത്രീകളെയെങ്കിലും വിവാഹം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരാള്‍ എന്‍എച്ച്എസ് നഴ്‌സുമാണ്. വിവാഹത്തിന് ശേഷം ഇവര്‍ ഇസ്ലാമിലേക്ക് മതം മാറിയിരുന്നു.
മുസ്മാച്ച് ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളെ തേടിപ്പിടിച്ചിരുന്നത്. 2012-ല്‍ അല്‍ഷാമി ക്ലാസ് ബി മയക്കുമരുന്ന് കൈവശം വെച്ച് പിടിയിലായിരുന്നുവെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വെളിപ്പെടുത്തി. കൗമാരകാലത്ത് തന്നെ കഞ്ചാവ് ഉപയോഗത്തിന്റെ പേരില്‍ ഇയാളെ താക്കീത് ചെയ്തിട്ടുള്ളതാണ്. ഷോപ്പില്‍ മോഷണം നടത്തിയതിന് പെനാല്‍റ്റി നോട്ടീസും കിട്ടിയിരുന്നു.