CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 9 Minutes 26 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവം ശനിയാഴ്ച്ച, 25 ന്; വചനോത്സവ വേദിയൊരുങ്ങുക നോര്‍ത്താംപ്ടണ്‍ കരോളിന്‍ ചിഷോം സ്‌കൂളില്‍

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍  ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ 25 ന്, ശനിയാഴ്ച്ച നടത്തപ്പെടും. നോര്‍ത്താംപ്റ്റണിലെ കരോളിന്‍ ചിഷോം സ്‌കൂള്‍ വേദികളില്‍ വെച്ചാവും ആത്മീയതയും, കലാ പ്രതിഭയും സമന്വയിക്കുന്ന വചനോത്സവ കലാ മത്സരങ്ങള്‍ നടക്കുക.

ആതിഥേയ മിഷന്‍ ഡയറക്ടറും, ബൈബിള്‍ കലോത്സവത്തിനു മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷന്‍,  നോര്‍ത്താംപ്ടണ്‍), ഫാ. സോണി ജോര്‍ജ് (സീറോമലബാര്‍ ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ഡയറക്റ്റര്‍ ), ഫാ. എല്‍വിസ് ജോസ് ( ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ അപ്പസ്റ്റോലെറ്റ് ഡയറക്ടര്‍), ഓക്‌സ്‌ഫോര്‍ഡ് റീജന്‍ മിഷന്‍ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്ത സംഘടനകളുടെ ഡയറക്ടര്‍,  ഫാ. അനീഷ് നെല്ലിക്കല്‍ എന്നിവര്‍ ബൈബിള്‍ പ്രതിഷ്ഠയ്ക്കും, കലോത്സവത്തിനും അജപാലന നേതൃത്വം വഹിക്കും. ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ അപ്പോസ്റ്റലേറ്റ് അംഗങ്ങളായ സജന്‍ സെബാസ്റ്റ്യന്‍(ജനറല്‍ കോര്‍ഡിനേറ്റര്‍) ജിനീത ഡേവീസ് എന്നിവരാണ് ഈ വര്‍ഷത്തെ റീജണല്‍ ബൈബിള്‍ കലോത്സവത്തിന് നേതൃത്വം വഹിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് റീജിയണിലെ വിവിധ മിഷന്‍, പ്രൊപ്പോസ്ഡ് മിഷനുകളില്‍ നിന്നുമായി ആവേശകരമായ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ഞൂറോളം മത്സരാര്‍ത്ഥികളാണ് വചനോത്സവ വേദിയില്‍ മാറ്റുരക്കുവാന്‍ എത്തുക. റീജണല്‍ ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നോര്‍ത്താംപ്ടണില്‍ പൂര്‍ത്തിയായതായും സംഘാടക സമിതി അറിയിച്ചു.

രാവിലെ 8:00  ന് മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 9:00 ന്  ബൈബിള്‍ പ്രതിഷ്ഠയും, 9:15 മുതല്‍ കലാ മത്സരങ്ങള്‍ ആരംഭിക്കുന്നതുമാണ്.  മത്സരങ്ങള്‍ വൈകിട്ട് 7:00 മണിയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. യഥാസമയം കലോത്സവം പൂര്‍ത്തിയാക്കുവാനായി  മത്സരാര്‍ത്ഥികള്‍  സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വിശുദ്ധഗ്രന്ഥ തിരുവചന പ്രമേയങ്ങള്‍ ഗാന- ദൃശ്യ-ശ്രവണ വിരുന്നായി സംഗീതം, പ്രസംഗം, നൃത്തം, ചിത്ര രചന, അഭിനയം തുടങ്ങിയ കലാ മാധ്യമങ്ങളിലൂടെ പുനരാവിഷ്‌ക്കരിക്കുമ്പോള്‍, ജീവിക്കുന്ന വചന ആഖ്യാനങ്ങള്‍ ഹൃദിസ്തവവും അനുഭവവേദ്യവും ആവും. ദൈവം നല്‍കിയ കലാവാസനകള്‍ക്കും, വരദാനങ്ങള്‍ക്കും സ്തുതിപ്പും, നന്ദിയും അര്‍പ്പിക്കുന്നതിനുള്ള  അനുഗ്രഹ അവസരമാവും മത്സരാര്‍ത്ഥികള്‍ക്കു കലോത്സവ വേദിയില്‍ ലഭിക്കുക.

ബൈബിള്‍ അധിഷ്ഠിതമായി നടത്തപ്പെടുന്ന മത്സര വേദിയില്‍ പരിശുദ്ധ ലിഖിതത്തില്‍  നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  തിരുവചനങ്ങള്‍ക്ക്  ജീവനും, തുടിപ്പും, വിശ്വാസ തീക്ഷ്ണതയും അനുഭവവേദ്യമേകുന്ന കലാപരിപാടികള്‍, ആസ്വദിക്കുവാനും, സദ് സന്ദേശങ്ങള്‍ ആഴത്തില്‍ ഉള്‍ക്കൊള്ളുവാനും, ദൈവീക സാന്നിദ്ധ്യം നുകരുവാനും  അനുഗ്രഹദായകമായ ആഘോഷാത്മക വേദിയിലേക്ക് ഏവരെയും സ്‌നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റീജണല്‍ ബൈബിള്‍ അപ്പോസ്റ്റലേറ്റ് അറിയിച്ചു.  

 

Date And  Time : October  25th  Saturday from  8:30  AM  

VENUE: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON,

NN4 6TP, NORTHAMPTON

 

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.